ഇന്ത്യൻ ടീം പരീക്ഷണശാലയല്ല; റൊട്ടേഷൻ പോളിസിയെ കടന്നാക്രമിച്ച് ഗാവസ്കർ

Photo Credit:BCCI
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ തുടങ്ങിയ ദുർബല ടീമുകൾക്കെതിരായ പരമ്പരകളിൽ അമിതമായി പുതുമുഖങ്ങൾക്ക് അവസരം നൽകുന്നത് ഇന്ത്യൻ ടീം ക്യാപ്പിന്റെ മൂല്യം കുറയ്ക്കുന്നുവെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ.
'മിഡ്-ഡേ'യിലെ തന്റെ കോളത്തിലൂടെയാണ് ബിസിസിഐയുടെ നിലവിലെ റൊട്ടേഷൻ പോളിസിക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്.
അമിതമായ മത്സരക്രമം താരങ്ങളിലും ആരാധകരിലും വലിയ ശാരീരികവും മാനസികവുമായ തളർച്ചയുണ്ടാക്കുന്നുണ്ടെന്നും ഗാവസ്കർ മുന്നറിയിപ്പ് നൽകുന്നു.
സ്ഥിരം താരങ്ങൾക്ക് വിശ്രമം നൽകി പകരമായി പുതുമുഖങ്ങളെ തിടുക്കത്തിൽ ഉൾപ്പെടുത്തുന്നത് കളിക്കാരിൽ ടീമിലെ തങ്ങളുടെ സ്ഥാനം എന്ന തോന്നൽ ഇല്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയതിനെ ഗാവസ്കർ പ്രത്യേകം ഉദാഹരിച്ചു.
ഇത്തരം മത്സരങ്ങൾ ബുംറയെപ്പോലെയുള്ള താരങ്ങൾക്ക് തങ്ങളുടെ റെക്കോർഡുകൾ മെച്ചപ്പെടുത്താനുള്ള അവസരമാണെന്നും, പരിക്കുകൾ ഇല്ലാത്ത പക്ഷം എല്ലായ്പ്പോഴും ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതാരങ്ങളെ നേരിട്ട് സീനിയർ ടീമിലേക്ക് കൊണ്ടുവരുന്നതിന് പകരം 'എ' ടീമിലൂടെയും അണ്ടർ-19 തലത്തിലൂടെയും വളർത്തിക്കൊണ്ടുവരണമെന്ന് ഗാവസ്കർ നിർദ്ദേശിച്ചു.
ഒരു വർഷത്തിൽ ടീമിനും ആരാധകർക്കും കുറഞ്ഞത് ഒരു മാസത്തെ എങ്കിലും പൂർണ്ണമായ വിശ്രമം ലഭിക്കുന്ന രീതിയിൽ മത്സരക്രമം തയ്യാറാക്കണമെന്നും അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടു.
ഐപിഎൽ അവസാനിച്ചതിന് തൊട്ടുപിന്നാലെ പരമ്പരകൾ ആരംഭിക്കുന്ന നിലവിലെ രീതി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments