പ്രകടനപത്രികയിൽ ഇല്ലാത്ത മദ്യനികുതിയിളവ് ബജറ്റില്‍ എങ്ങനെ വന്നു? കടുപ്പിച്ച് വി എം സുധീരൻ

വി എം സുധീരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിതനയമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറയ്ക്കുമെന്ന് ഇത്തവണത്തെ പ്രകടനപത്രികയിലും പറയുന്നുണ്ട്. എന്നിട്ടും ബജറ്റിൽ എങ്ങനെയാണ് നികുതിയിളവ് നൽകാനുള്ള തീരുമാനം വന്നതെന്ന് മനസിലാകുന്നില്ലെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യവർജനത്തിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നികുതിയിളവ് നൽകുന്നതിൽ വിയോജിപ്പ് അറിയിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽവിളിച്ച് സംസാരിച്ചു. പിന്നീട് കത്തും നൽകി. സർക്കാർ നയത്തിനെതിരെ വിവിധ വിഭാഗങ്ങളിൽനിന്ന് ശക്തമായ സമ്മർദം ഉയർന്നുവരുന്നുണ്ട്. ജനവികാരം മനസിലാക്കി സർക്കാർ ഉചിതമായ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു.
കരിമണല്‍ ഖനനത്തിന് വഴിവെക്കുന്ന സർക്കാർ തീരുമാനവും എങ്ങനെ വന്നുവെന്ന് അറിയില്ല. ഇതിൽ തീരദേശജനതയ്ക്ക് വലിയ ആശങ്കയുണ്ടെന്നും സുധീരൻ പറഞ്ഞു.










0 comments