'അമ്മ'യുടെ ഭാരവാഹിത്വത്തിലേക്കില്ല; പുതിയ യുവനിര വരട്ടെയെന്ന് അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര 'അമ്മ'യുടെ ഭാരവാഹികളാകട്ടെയെന്നും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും അൻസിബ ഫേസ്ബുക്കിൽ കുറിച്ചു. 'അമ്മ'യുടെ ഭരണസമിതിയിലെ കൂട്ടരാജി ചരിത്രപരമായ നീക്കമാണെന്നും സംഘടനയിൽനിന്ന് മുൻപ് പടിയിറങ്ങേണ്ടി വന്ന അതിജീവിത ഉൾപ്പെടെയുള്ള മുഴുവൻ പേരെയും ആദരവോടെ തിരിച്ചെത്തിക്കണമെന്നും നേരത്തെ അൻസിബ പറഞ്ഞിരുന്നു.
അൻസിബ ഹസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,
എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം.
''അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹത്തോടെ, അൻസിബ ഹസ്സൻ
അതേസമയം,'അമ്മ'യിൽ അനിശ്ചിതത്വവും പൊട്ടിത്തെറിയും തുടരുകയാണ്. ജനറൽ ബോഡി യോഗത്തിലെ കൂട്ടരാജിയെ തുടർന്ന് സംഘടനയെ താൽക്കാലികമായി നയിക്കാൻ കഴിഞ്ഞ ദിവസം രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജിവെച്ചതായി റിപ്പോര്‍ട്ട്. കമ്മിറ്റി നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് പുതിയ രാജി എന്നതും ശ്രദ്ധേയമാണ്.
തനിക്കൊപ്പം ജനറൽ ബോഡിയിലുണ്ടായിരുന്ന 17 അംഗ ഭരണസമിതിയും പൂർണമായി രാജിവെച്ച പശ്ചാത്തലത്തിലാണ് താനും അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമാകാനില്ലെന്ന് നിലപാടെടുത്തതെന്ന് ആശ അരവിന്ദ് വ്യക്തമാക്കി. എന്നാൽ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞാലും 'അമ്മ' സംഘടനയിലെ സാധാരണ അംഗമായി താൻ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ശ്വേത മേനോനും 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതോടെയാണ് സംഘടനയിൽ വലിയ ഭരണപ്രതിസന്ധി രൂപപ്പെട്ടത്. തുടർന്ന് സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു താൽക്കാലിക സമിതി രൂപീകരിക്കാൻ മുതിർന്ന താരം ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തുകയായിരുന്നു.
ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള ചർച്ചകൾക്കൊടുവിലാണ് നടൻ രമേഷ് പിഷാരടിയെ അധ്യക്ഷനാക്കി 4 മാസത്തെ കാലാവധിയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. കൺവീനർമാരായി കെ ബി. ഗണേഷ് കുമാർ, സാദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവർക്കൊപ്പം ആശ അരവിന്ദിനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആശയുടെ അപ്രതീക്ഷിത പടിയിറക്കത്തോടെ താൽക്കാലിക സമിതിയുടെ പ്രവർത്തനവും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.










0 comments