ആൺകുട്ടികൾക്ക് 8 ലക്ഷം, പെൺകുട്ടികൾക്ക് 4 ലക്ഷം; പ്രൈസ് ടാഗിട്ട് കുഞ്ഞുങ്ങളുടെ വിൽപ്പന

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന നവജാത ശിശുക്കടത്ത് മാഫിയയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് തകർത്തു. ആശുപത്രി ജീവനക്കാരും നഴ്സുമാരും ഇടനിലക്കാരും അടങ്ങുന്ന വൻ ശൃംഖലയിലെ 13 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
അതിർത്തി സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്ക് വരെ നീളുന്നതാണ് ഈ സംഘത്തിന്റെ പ്രവർത്തനമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങളുടെ ലിംഗഭേദമനുസരിച്ച് തുക നിശ്ചയിക്കുന്ന ക്രൂരമായ സമാന്തര വിപണിയാണ് സംഘം നടത്തിയിരുന്നത്. വിപണിയിൽ ആൺകുട്ടികൾക്ക് എട്ട് ലക്ഷം രൂപ വരെ വില ഈടാക്കിയപ്പോൾ പെൺകുട്ടികൾക്ക് ഇതിന്റെ പകുതി തുക (നാല് ലക്ഷം രൂപ) മാത്രമാണ് നിശ്ചയിച്ചിരുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കളിൽ നിന്നും കേവലം ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെ നൽകി വാങ്ങുന്ന കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ലക്ഷങ്ങൾ വാങ്ങി മറിച്ചുവിറ്റിരുന്നത്. പ്രസവവിവരങ്ങൾ ശേഖരിക്കാൻ പ്രസവാശുപത്രികളിലെ ജീവനക്കാരെയാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്. തുടർന്ന് കുട്ടികളില്ലാത്ത ദമ്പതികളെ കണ്ടെത്തി വ്യാജ ജനന സർട്ടിഫിക്കറ്റുകളും ദത്തെടുക്കൽ രേഖകളും ചമച്ചായിരുന്നു സംഘത്തിന്റെ വ്യാപാരം.
റെയ്ഡിൽ പ്രതികളിൽ നിന്നും അഞ്ച് നവജാത ശിശുക്കളെ പോലീസ് സുരക്ഷിതമായി മോചിപ്പിക്കുകയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി ബീഗംപൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന 'ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി' കേന്ദ്രീകരിച്ചായിരുന്നു ഈ മനുഷ്യക്കടത്ത് മാഫിയയുടെ അധോലോക വ്യാപാരം നടന്നിരുന്നത്. ആശുപത്രി ഉടമയായ ഡോ. വിവേകിയാണ് ഈ ദാരുണമായ റാക്കറ്റിന്റെ പ്രധാന സൂത്രധാരയെന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. വിവിധ ഇടനിലക്കാർ വഴി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ വിൽപ്പന പൂർത്തിയാകുന്നത് വരെ ഒളിപ്പിച്ചിരുന്നതും സുരക്ഷിതമായി പാർപ്പിച്ചിരുന്നതും ഈ ആശുപത്രിയിലായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം മുപ്പതോളം നവജാത ശിശുക്കളെയാണ് ഈ സംഘം വിപണനം നടത്തിയത്. കുട്ടികൾക്കായി ഡോ. വിവേകിയെ സമീപിച്ച ഒരു ദമ്പതികൾക്ക്, രണ്ടിടങ്ങളിൽ നിന്നായി എത്തിച്ച രണ്ട് കുഞ്ഞുങ്ങളെ 'ഇരട്ടക്കുട്ടികൾ' എന്ന വ്യാജേന വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയ്ക്കാണ് സംഘം വിറ്റത്.









0 comments