കാനഡയിൽ പൊലീസിനെ ലക്ഷ്യമിട്ട് വെടിവെപ്പ്; അക്രമി ഉൾപ്പെടെ രണ്ട് മരണം

മോൺട്രിയൽ: കാനഡയിലെ മോൺട്രിയൽ നഗരത്തിലുണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മുഹമ്മദ് ലാമിൻ ബെൻറെഡൗൺ (34) എന്ന പൊലീസ് ഓഫീസറും പ്രതിയുമാണ് കൊല്ലപ്പെട്ടത്. കോട്ട്-ഡെസ്-നെയിഷ് എന്ന ജനവാസ മേഖലയിലാണ് തിങ്കളാഴ്ച രാവിലെ പൊലീസിനെ ലക്ഷ്യമിട്ട് അക്രമി വെടിയുതിർത്തത്. സംഭവത്തിൽ പരിക്കേറ്റ മറ്റൊരു വനിതാ പൊലീസ് ഓഫീസറുടെ നില നിലവിൽ തൃപ്തികരമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മോൺട്രിയലിൽ ഡ്യൂട്ടിക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിക്കുന്നത് ഇതാദ്യമായാണ്.
തിങ്കളാഴ്ച രാവിലെ ജനാലയിലൂടെ ഒരാൾ തോക്ക് ചൂണ്ടി നിൽക്കുന്നു എന്ന അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അക്രമി പൊലീസിനെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒളിയാക്രമണമാണിതെന്ന് കനേഡിയൻ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ട അക്രമിയുടേതെന്ന് കരുതുന്ന നൂറിലധികം പേജുകളുള്ള ഡയറി കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. സ്ത്രീവിരുദ്ധത അടിസ്ഥാനമാക്കിയുള്ള 'ഇൻസെൽ' പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ആളാണ് പ്രതിയെന്നാണ് പ്രാഥമിക സൂചന. കാനഡയിൽ മുൻപും ഇത്തരം വികലമായ ചിന്താഗതികൾ പിന്തുടരുന്നവർ സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശം പൂർണ്ണമായി അടച്ചിടുകയും ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദ്ദേശിക്കുകയും ചെയ്തു. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി.










0 comments