"ടിപ്പർ വരുന്നതുകണ്ട് കുട്ടികളെ പെട്ടെന്ന് വലിച്ചെടുത്ത് ഓടി"; അത്ഭുതകരമായി രക്ഷപെട്ട് യുവതി

അപകടത്തിൽ മരിച്ച പാർഥിപ്, ഹരിലാൽ, അജയ കുമാർ
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ. സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ (54), പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, അജയകുമാർ (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ലോറി അമിതവേഗതയിൽ വരുന്നതുകണ്ട് അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെ പെട്ടെന്ന് വലിച്ചെടുത്ത് താൻ ഓടിമാറിയെന്ന് അത്ഭുതകരമായി രക്ഷപെട്ട പ്രദേശവാസിയായ യുവതി പറഞ്ഞു. സ്കൂൾ ബസിന് കാത്തുനിന്ന കുട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
അപകടത്തിൽ തകർന്ന ടിപ്പർ|ഫോട്ടോ:ദേശാഭിമാനി
ചൊവ്വ രാവിലെ 7.10ന് കൊട്ടാരക്കര - അമ്പലത്തംകാല റോഡിൽ നീലേശ്വരം മുക്കോണി മുക്കിൽ ദാരുണമായ അപകടം നടന്നത്. അമ്പലപ്പുറം ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി കൊട്ടാരക്കര - അമ്പലത്തുംകാല റോഡിൽ പ്രവേശിക്കവെയാണ് അപകടം. ഇതേ റൂട്ടിൽ വന്ന ബുള്ളറ്റ് പ്രാധാന റോഡിലേക്ക് പ്രവേശിക്കാനായി നിർത്തിയപ്പോൾ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. ബുള്ളറ്റുമായി മുന്നോട്ട് നീങ്ങിയ ലോറി ബസ് കാത്തുനിന്നവർക്ക് സമീപം മതിലും തകർത്ത് മറിയുകയായിരുന്നു. ഇതിനെ തുടർന്ന് ബസ് കാത്തുന്നിവർക്ക് മുകളിലേക്ക് മണ്ണ് വീഴുകയുമുണ്ടായി.
നാട്ടുകാരും തൊട്ട് പിന്നാലെ വന്ന ബസ്സിൽ ഉണ്ടായിരുന്നവരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സും പോലീസും ഉൾപ്പെടെയെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ടെലിഫോൺ കേബിൾ ഇടുന്നതിനുള്ള കുഴികളും സമീപത്തുണ്ടായിരുന്നു.
കൊട്ടാരക്കരയിൽ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ജോലിക്ക് പോകാനും സ്കൂളിൽ പോകാനുമായി ബസ് കാത്തുനിന്നവരാണ് അപകടത്തിൽപ്പെട്ടത്. ചിലർ തലനാരിഴയ്ക്കും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
അതേസമയം, അപകടമുണ്ടാക്കിയ ലോറിക്ക് മണ്ണെടുക്കാൻ പാസ്സില്ലെന്നും, ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ആനി ജൂല തോമസ് അറിയിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഹെവി ഡ്രൈവിംഗ് ലൈസൻസില്ലാതെയാണ് ഇയാൾ ടിപ്പർ ലോറി ഓടിച്ചിരുന്നത്.
രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് അപകടം നടന്നത്. നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഫിറ്റ്‌നസ് റദ്ദാക്കി










0 comments