ad
Deshabhimani

ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ; നീറ്റ് പരീക്ഷാ സമ്മർദമെന്ന് കുടുംബം

rep image death
വെബ് ഡെസ്ക്

Published on Jun 23, 2026, 03:01 PM | 1 min read

ലഖ്നൗ: രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. ചൗപാരിയ കാഞ്ചൻപുര സ്വദേശി ചഞ്ചൽ ഭാരതി(19)യാണ് മരിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയതിന് ശേഷം ചഞ്ചൽ സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച നടന്ന നീറ്റ് പുനഃപരീക്ഷ എഴുതിയ ശേഷം ചഞ്ചൽ അസ്വസ്ഥയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പിന്നീട് ചഞ്ചലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന കുറിപ്പ് എഴുതിയ നീറ്റ് ചോദ്യ ബുക്ക്‌ലെറ്റ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇത് ഫോറൻസിക്, കൈയക്ഷര പരിശോധനകൾക്ക് വിധേയമാക്കും. തയ്യൽത്തൊഴിലാളിയാണ് ചഞ്ചലിന്റെ അച്ഛൻ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ പഠനത്തിന് കുടുംബം മുൻ​ഗണന നൽകിയിരുന്നു. ചഞ്ചൽ മിടുക്കിയായ വിദ്യാർഥിനിയായിരുന്നുവെന്നും അവളിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.


ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷാ സമ്മർദ്ദം മൂലം നിരവധി ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മെയിൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് ശേഷം ഇതുവരെ 13 വിദ്യാർഥികൾ ജീവനൊടുക്കിയതായാണ് കണക്ക്. പരീക്ഷാ നടത്തിപ്പിൽ കേന്ദ്ര ഏജൻസിക്കുണ്ടായ വീഴ്ചയിൽ രാജ്യ വ്യാപകമായി പ്രധിഷേധം ഉയർന്നു. വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർടികളും ശക്തമായ വിമർശനം ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർടി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം പുരോഗമിക്കുകയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home