അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് ആശങ്കപ്പെടുത്തുന്നത്; സംഘപരിവാർ സാന്നിധ്യം മലയാള സിനിമയിലും ഉണ്ട്: കമൽ

കമൽ
കൊച്ചി: തന്നെ മതത്തിന്റെ പേരിൽ ആക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ ആരോപണങ്ങൾ ഗുരുതരമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. അൻസിബയെ തീവ്രവാദിയെന്നും ജിഹാദിയെന്നുമൊക്കെ വിളിച്ചെന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. അൻസിബയെ കേൾക്കാൻ 'അമ്മ' സംഘടന തയ്യാറാകണം. വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല അൻസിബ. മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. തമാശയ്ക്കാണെങ്കിൽപോലും ഇത്തരം പരാമർശങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്ന് വന്നിട്ടുണ്ടെങ്കിൽ ആ സംഘടന ഗൗരവമായ പരിശോധിക്കേണ്ടതാണെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളീയ സമൂഹത്തിൽ സംഘപരിവാറും അതിന്റെ ആശയങ്ങളും ഏതെല്ലാംവിധത്തിലാണ് കടന്നുകയറുന്നതെന്ന് തിരിച്ചറിയണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റേതായ അനുരണനങ്ങൾ പലരീതിയിലുമുണ്ട്. മതനിരപേക്ഷ അടിത്തറയിലാണ് മലയാള സിനിമ എന്നും നിലകൊണ്ടിട്ടുള്ളത്. മലയാളിയുടെ മതനിരപേക്ഷ മനസ് നഷ്ടപ്പെടാൻ സിനിമ ഒരുകാരണവശാലും ഇടയാക്കരുത്. കേരള സ്റ്റോറി പോലെ വെറുപ്പ് പ്രചരിപ്പിക്കുന്ന സിനിമകൾ മലയാളത്തിൽനിന്ന് വരാൻ പാടില്ല.
മൺമറഞ്ഞ പ്രമുഖരായ സിനിമാപ്രവർത്തകർക്ക് സ്മാരകം ഉണ്ടാക്കുന്നതിൽ എതിർപ്പില്ല. എന്നാൽ എല്ലാവർക്കുമായി ഓരോ സ്ഥലത്തും ഓരോ സ്മാരകങ്ങൾ ഉണ്ടാക്കുന്നത് പ്രയോഗികമാണോ എന്ന് പരിശോധിക്കണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഓരോ ജില്ലയിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിയുണ്ടായിരുന്നു. ജില ജില്ലകളിൽ മാത്രമാണ് പൂർത്തിയായത്. വിടവാങ്ങിയ സിനിമാപ്രവർത്തകരുടെ സ്മരണയ്ക്കായി ഒരു സ്ഥലത്തേക്കായി സാംസ്കാരിക കേന്ദ്രം നിർമിക്കണമെന്നും കമൽ പറഞ്ഞു.










0 comments