അഭ്യൂഹങ്ങൾക്ക് വിരാമം; സിഎസ്‌കെയുടെ പരിശീലകനായി ഫ്ലെമിംഗ് തന്നെ തുടരും

Photo Credit:IPL
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗ് തുടരുമെന്ന് റിപ്പോർട്ടുകൾ. ഐപിഎൽ 2026 സീസണിലെ ടീമിന്റെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് പരിശീലക സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഫ്ലെമിംഗിൽ വിശ്വാസമർപ്പിക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. 2008 മുതൽ ടീമിനൊപ്പമുള്ള ഫ്ലെമിംഗ് 2009 മുതൽ ചെന്നൈയുടെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചു വരികയാണ്.
അദ്ദേഹത്തിന്റെ കരാർ അടുത്ത സീസണിലേക്കും നീട്ടുമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സാസ് സൂപ്പർ കിംഗ്‌സിന്റെ പരിശീലകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
അതേസമയം, ഐപിഎൽ 2027 സീസണിന് മുന്നോടിയായി വലിയ ട്രേഡ് നീക്കങ്ങളാണ് ലീഗിൽ നടക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പകരമായി ഡൽഹിയിലെ സ്പിന്നർ കുൽദീപ് യാദവ് ലഖ്‌നൗ ടീമിലേക്ക് മാറും.
പന്ത് ലഖ്‌നൗവിൽ വാങ്ങിയ 27 കോടി രൂപ എന്ന റെക്കോർഡ് തുകയിൽ നിന്ന് കുറവ് വരുത്താൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിസിസിഐയുടെ ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ ഈ കൈമാറ്റം സ്ഥിരീകരിക്കും.
കൂടാതെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസുമായി മറ്റ് ചില താരങ്ങളെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുന്നതിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള നീക്കങ്ങളും നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ പുനഃസംഘടനയും പുതിയ സീസണിനായുള്ള തയാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണ്.
വരും ദിവസങ്ങളിൽ ട്രേഡ് സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.










0 comments