ad
Deshabhimani

രാജ്യത്ത് പിജി ഡിപ്ലോമ മെഡിക്കൽ കോഴ്സുകൾ നിർത്തലാക്കുന്നു; 2027 മുതൽ പുതിയ അഡ്മിഷനുകൾ ഉണ്ടാവില്ല

NMC.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 01:22 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായക മാറ്റവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. നിലവിൽ നടത്തിവരുന്ന പിജി ഡിപ്ലോമ മെഡിക്കൽ കോഴ്സുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ കമ്മീഷൻ തീരുമാനിച്ചു.


ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ തീരുമാനം അനുസരിച്ച്, 2026-27 അധ്യയന വർഷം മാത്രമായിരിക്കും പിജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം അനുവദിക്കുക. 2027-28 അധ്യയന വർഷം മുതൽ രാജ്യത്തെ ഒരു മെഡിക്കൽ കോളേജിലും പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പുതിയ അഡ്മിഷനുകൾ അനുവദിക്കില്ല.


ഇതോടെ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ രംഗം പൂർണ്ണമായും എംഡി, എംഎസ് ബിരുദ കോഴ്സുകളിലേക്ക് മാറും. അനസ്തീസിയ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഒഫ്താൽമോളജി തുടങ്ങിയ മേഖലകളിൽ ഡിപ്ലോമ കോഴ്സുകൾ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സഹായിച്ചിരുന്നു.


എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് എൻഎംസിയുടെ നീക്കം. പല മെഡിക്കൽ കോളേജുകളിലും എംഡി, എംഎസ് കോഴ്സുകൾ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ട്.


അതിനാൽ, നിലവിലുള്ള ഡിപ്ലോമ സീറ്റുകൾ എംഡി അല്ലെങ്കിൽ എംഎസ് സീറ്റുകളായി മാറ്റാൻ കോളേജുകൾക്ക് അവസരം ലഭിക്കും. പിജി ഡിപ്ലോമ സീറ്റുകൾ ബിരുദ കോഴ്സുകളാക്കി മാറ്റാൻ താല്പര്യമുള്ള കോളേജുകൾ എൻഎംസിയുടെ കീഴിലുള്ള മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിംഗ് ബോർഡിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.


ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും തീയതികളും എൻഎംസി പിന്നീട് അറിയിക്കും. 2023-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷൻസ് പ്രകാരം ഡിപ്ലോമ സീറ്റുകൾ ബിരുദ സീറ്റുകളാക്കി മാറ്റാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.


ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അന്തിമമായ തീരുമാനമുണ്ടായിരിക്കുന്നത്. ഈ മാറ്റം സ്പെഷ്യലിസ്റ്റ് മെഡിക്കൽ യോഗ്യതകളിൽ രാജ്യവ്യാപകമായി ഏകീകൃത സ്വഭാവം കൊണ്ടുവരാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


എന്നാൽ, നിലവിൽ ഡിപ്ലോമ കോഴ്സുകളെ ആശ്രയിക്കുന്ന കോളേജുകൾ അവരുടെ അക്കാദമിക് പ്ലാനുകളും സൗകര്യങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടി വരും. 2026-27 അധ്യയന വർഷം വരെ സമയം ഉള്ളതിനാൽ, കോളേജുകൾക്ക് ഈ മാറ്റത്തിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ അവസരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home