ad
Deshabhimani

കുവൈത്തിൽ സ്വർണ ഇടപാടുകൾക്ക് പുതിയ നിയന്ത്രണം; പഴയ സ്വർണം മാറ്റിവാങ്ങുന്നതിനും പ്രത്യേക നടപടിക്രമം

gold jwels
വെബ് ഡെസ്ക്

Published on Jun 23, 2026, 01:59 PM | 1 min read

കുവൈത്ത് സിറ്റി: സ്വർണം, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ വ്യാപാര മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.


പുതിയ ചട്ടപ്രകാരം സ്വർണക്കടകൾ, നിർമാണശാലകൾ, മൊത്തവ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ കൃത്യമായ വിൽപ്പനയോ കൈമാറ്റ രേഖകളോ ഇല്ലാതെ സ്വർണത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ അനുവദിക്കില്ല. കൂടാതെ, ലൈസൻസുള്ള വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള ഔദ്യോഗികമല്ലാത്ത സ്വർണക്കൈമാറ്റവും നിരോധിച്ചിട്ടുണ്ട്.


പഴയ സ്വർണം മാറ്റിയെടുക്കാൻ ബാങ്ക് അക്കൗണ്ട് നിർബന്ധം


പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് പഴയ സ്വർണം മാറ്റിവാങ്ങുന്നതിനുള്ള പുതിയ നിയമം. പഴയ സ്വർണം നൽകി പുതിയ ആഭരണം വാങ്ങുന്ന രീതി തുടരാമെങ്കിലും അത് ഇനിമുതൽ രണ്ട് പ്രത്യേക ബാങ്ക് ഇടപാടുകളായി മാത്രമേ നടത്താൻ സാധിക്കൂ.


ഉപഭോക്താവ് നൽകുന്ന പഴയ സ്വർണത്തിന്റെ മൂല്യം വ്യാപാരി ആദ്യം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം.


തുടർന്ന് പുതിയ ആഭരണത്തിന്റെ മുഴുവൻ വിലയും ഉപഭോക്താവ് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാപാരിക്ക് നൽകണം.


ഓരോ ഇടപാടിന്റെയും തീയതി, സ്വർണത്തിന്റെ ഭാരം, കാരറ്റ്, വില എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. പണമായി സ്വർണ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്ക് തുടരും. കെനെറ്റ് (KNET) ഉൾപ്പെടെയുള്ള അംഗീകൃത ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.


3,000 കുവൈത്ത് ദിനാറിൽ കൂടുതലുള്ള ഇടപാടുകളിൽ ഉപഭോക്താവിന്റെ സിവിൽ ഐഡി ഉൾപ്പെടെയുള്ള തിരിച്ചറിയൽ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കണം. ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരുടെയും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളുടെയും ഇടപാടുകളിൽ പ്രത്യേക പരിശോധനയും ജാഗ്രതയും പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home