അഭിഷേക് നായരെ പുറത്താക്കിയ സംഭവം; ഗംഭീർ തീരുമാനത്തെ എതിർത്തില്ലെന്ന് റിപ്പോർട്ട്

PHOTO: Instagram
മുംബൈ: കഴിഞ്ഞ ദിവസം ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ പരിശീലകൻ ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്ന് റിപ്പോർട്ട്. അതുകൊണ്ടുതന്നെ അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ ഗംഭീർ എതിർത്തില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി ദിലീപിനെയും കഴിഞ്ഞദിവസം ബോർഡ് പുറത്താക്കിയത്.
ഗൗതം ഗംഭീർ മുഖ്യപരിശീലകസ്ഥാനത്തെത്തിയതിന് പിന്നാലെയാണ് അഭിഷേക് നായർ സഹപരിശീലകനായി ടീമിന്റെ ഭാഗമാവുന്നത്. ഗംഭീറിന്റെ നിർദേശപ്രകാരം തന്നെയായിരുന്നു ഈ തീരുമാനം. ഇരുവരും ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2024ലെ ഐപിഎൽ കിരീടം കൊൽക്കത്ത നേടുമ്പോൾ അഭിഷേക് സഹപരിശീലകനും ഗംഭീർ ടീമിന്റെ മെന്ററുമായിരുന്നു. കൊൽക്കത്തയിലെ പ്രവർത്തനങ്ങളാണ് അഭിഷേകിനെ ബാറ്റിങ് കോച്ചായി ഗംഭീർ തെരഞ്ഞെടുക്കാൻ കാരണമായത്. എന്നാൽ ഐപിഎല്ലിലെ മികവ് ദേശീയ ടീമിൽ ആവർത്തിക്കാൻ സാധിക്കാതെ വന്നപ്പോൾ അഭിഷേകിന്റെ സ്ഥാനം തെറിക്കുകയായിരുന്നു.
ചുമതലയേറ്റ് എട്ടു മാസം തികയുന്നതിനിടെയാണ് അഭിഷേക് പുറത്താകുന്നത്. ഡ്രസ്സിങ് റൂമിലെ ബാറ്റിങ് പരിശീലകന്റെ സാന്നിധ്യത്തില്‍ പലരും അസന്തുഷ്ടി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ദേശീയ ടീമിൽ നിന്ന് ഒഴിഞ്ഞതിനാൽ അഭിഷേക് കൊൽക്കത്തിയിൽ തിരിച്ചെത്തിയേക്കും.









0 comments