print edition ഇന്ത്യ പിടിമുറുക്കി

ഗാലെ: ശ്രീലങ്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ ജയത്തിലേക്ക്. 372 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക നാലാംദിനം രണ്ടാം ഇന്നിങ്‌സിൽ നാലിന് 84 റണ്ണെന്ന നിലയിലാണ്. 287 റൺ പിന്നിൽ. അവസാനദിനം ലങ്കയുടെ ശേഷിക്കുന്ന ആറ് വിക്കറ്റ് പിഴുത് ജയംകുറിക്കാമെന്ന പ്രതീക്ഷയിലാണ് ശുഭ്‌മാൻ ഗില്ലും സംഘവും. കാലാവസ്ഥയുടെ സ്വഭാവമനുസരിച്ചിരിക്കും സാധ്യതകൾ. അഞ്ചാംദിനം മഴയുണ്ടാകുമെന്നാണ് സൂചന.
സ്‌കോർ: ഇന്ത്യ 462, 193; ശ്രീലങ്ക 284, 84/4. നാലാംദിനം ഗാലെയിൽ ബൗളർമാരുടെ വാഴ്‌ചയായിരുന്നു. ആകെ 14 വിക്കറ്റുകൾ കടപുഴകി. ഇന്ത്യക്കും രണ്ടാം ഇന്നിങ്‌സിൽ പിടിച്ചുനിൽക്കാനായില്ല. 193 റണ്ണിനാണ് കൂടാരം കയറിയത്. 69 പന്തിൽ 66 റണ്ണടിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് മികച്ച ലീഡൊരുക്കാൻ സഹായിച്ചത്. ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ ദേവ്‌ദത്ത് പടിക്കൽ (44), കെ എൽ രാഹുൽ (35) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്‌സിൽ രണ്ടക്കം കണ്ട ഇന്ത്യൻ ബാറ്റർമാർ. മറ്റ് ബാറ്റർമാർ പതറിയ പിച്ചിൽ പന്ത് മികച്ച ആക്രമണക്കളി പുറത്തെടുത്തു. രണ്ട് സിക്‌സറും ആറ് - ഫോറുമായിരുന്നു ഇടംകൈയന്റെ ഇന്നിങ്‌സിൽ. ടെസ്‌റ്റ് ക്രിക്കറ്റിൽ നൂറ് സിക്‌സറും പൂർത്തിയാക്കി.
ആദ്യ ഓവറിൽതന്നെ ഇന്ത്യക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടമായി. പേസർ അസിത --െഫർണാണ്ടോയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ പടിക്കലും രാഹുലും ചേർന്ന് 65 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുൽ മടങ്ങിയതോടെ ഇന്ത്യ തകരാൻ തുടങ്ങി. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (8), ധ്രുവ് ജുറേൽ (7), രവീന്ദ്ര ജഡേജ (9) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. പന്തിന്റെ ഇന്നിങ്‌സായിരുന്നു ലീഡ് 300 കടത്താൻ സഹായിച്ചത്. തകർത്തുകളിച്ച വിക്കറ്റ് കീപ്പറെ ലാഹിരു കുമാര മടക്കി. 19 റണ്ണെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ച് വിക്കറ്റ് നഷ്ടമായത്. നാല് വിക്കറ്റുമായി പേസർ അസിത --െഫർണാണ്ടോ ലങ്കൻ ബൗളർമാരിൽ തിളങ്ങി. ഷോർട്ട് പിച്ച് പന്തുകളായിരുന്നു അസിതയുടെ ആയുധം.
സ്‌പിന്നർ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റ് നേടി. കുമാര രണ്ട് വിക്കറ്റ് സ്വന്തമാക്കി. ലങ്കയുടെ മറുപടി തകർച്ചയോടെയായിരുന്നു. ഷോർട്ട് പിച്ച് പന്ത് ആയുധം ഇന്ത്യൻ പേസർമാരും പ്രയോഗിച്ചു. നിഷാൻ മധുഷ്‌കയെ (6) മുഹമ്മദ് സിറാജും കമിന്ദു മെൻഡിസിനെ (2) പ്രസിദ്ധ് കൃഷ്‌ണയും മടക്കി. രണ്ട് വിക്കറ്റ് സ്‌പിന്നർ മാനവ് സുത്താറിനാണ്. ലാഹിരു ഉദാരയും (16) ദിനേഷ് ചൻഡിമലിന് പരിക്കേറ്റതിനാൽ പകരക്കാരനായി ഇറങ്ങിയ പസിന്ദു സൂരിയബണ്ടാരയും (0) സുത്താറിന്റെ ഇരകളായി. ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവയും (31*) ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറുക്കാരൻ സോണൽ ദിനുഷയുമാണ് (25*) ക്രീസിൽ.










0 comments