ഇംഗ്ലണ്ട് പര്യടനം; ഇന്ത്യ കരകയറി

ലോർഡ്‌സ്: കെ എൽ രാഹുലിന്റെ സെഞ്ചുറിയും ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും അർധസെഞ്ചുറികളും ലോർഡ്‌സ് ടെസ്‌റ്റിൽ ഇന്ത്യയെ കരകയറ്റി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 387ന് പുറത്തായി. ഇംഗ്ലണ്ടും ഒന്നാം ഇന്നിങ്സിൽ 387 റണ്ണാണ് നേടിയത്. രാഹുൽ 177 പന്തിൽ 100 റണ്ണെടുത്ത് പുറത്തായി. പന്ത് 74ഉം ജഡേജ 72ഉം റണ്ണെടുത്തു. മൂന്നാംദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 145 റണ്ണെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രാഹുലും പന്തും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ പരീക്ഷിച്ചു. 141 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇരുവരും. എന്നാൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് അനാവശ്യ റണ്ണിനോടി പന്ത് പുറത്തായി. 98 റണ്ണിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ വിളി കേട്ട് ഓടിയ പന്തിന് റൺ പൂർത്തിയാക്കാനായില്ല. അതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന്റെ നേരിട്ട ഏറിൽ സ്‌റ്റമ്പ് തെറിച്ചു. 112 പന്ത് നേരിട്ട വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സിൽ രണ്ട് സിക്‌സറും എട്ട് ഫോറും ഉൾപ്പെട്ടു. ഇടവേള കഴിഞ്ഞെത്തിയ ഉടൻതന്നെ രാഹുൽ സെഞ്ചുറി പൂർത്തിയാക്കി. ടെസ്‌റ്റിലെ പത്താം സെഞ്ചുറി. 13 ഫോർ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ രാഹുൽ പുറത്തായി. ഷോയ്‌ബ് ബഷീറിനായിരുന്നു വിക്കറ്റ്. ആ ഘട്ടത്തിൽ അഞ്ചിന് 254 എന്ന നിലയിൽ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ നയിച്ചു. നിതീഷ് കുമാർ റെഡ്ഡി (30), വാഷിങ്‌ടൺ സുന്ദർ (23) എന്നിവർ പിന്തുണ നൽകി. ജഡേജയുടെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണ്. ആറാം വിക്കറ്റിൽ നിതീഷുമായി 72 റണ്ണിന്റെയും ഏഴാം വിക്കറ്റിൽ സുന്ദറുമായി 50 റണ്ണിന്റെയും കൂട്ടുകെട്ടുണ്ടാക്കി. ഒരു സിക്‌സറും എട്ട് ഫോറും പറത്തിയ ഇടംകൈയനെ ക്രിസ് വോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജാമി സ്‌മിത്ത് പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ ആകാശ് ദീപിനെ (7) ബ്രൈഡൻ കാർസീയും മടക്കി. ജസ്-പ്രീത് ബുമ്ര റണ്ണെടുക്കുംമുമ്പ് പുറത്തായി. വോക്-സിനാണ് വിക്കറ്റ്. സുന്ദറിനെ ജോഫ്ര ആർച്ചെറാണ് പുറത്താക്കിയത്. ഇംഗ്ലണ്ടിനായി വോക്സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ആർച്ചെർക്കും സ്റ്റോ-ക്-സിനും രണ്ട് വീതം വിക്കറ്റുണ്ട്.









0 comments