മഴക്കളി; മത്സരം വൈകും: ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ്

എഡ്‌ജ്‌ബാസ്റ്റൺ: എജ്ബാസ്റ്റണിൽ മഴ തുടർന്നതോടെ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വൈകുന്നു. ജയിക്കാൻ ഒരുദിനം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് 536 റൺ കൂടി വേണം. ഇതോടെ എജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ടെസ്റ്റ് വിജയം സ്വപ്‌നം കാണുന്ന ഇന്ത്യയ്ക്ക് കാലാവസ്ഥ തിരിച്ചടിയായി.
ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 608 റൺ വിജയലക്ഷ്യമാണ് കുറിച്ചത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്‌തു. നാലാം ദിനം 72 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി.
ഒന്നാം ഇന്നിങ്‌സിൽ ഇരട്ടസെഞ്ചുറി നേടിയ ഗിൽ രണ്ടാമത്തേതിൽ 161 റണ്ണടിച്ചു. 162 പന്തിലാണ് നേട്ടം. ആകെ 430 റണ്ണാണ് ഈ മത്സരത്തിൽ മാത്രം ഇരുപത്തഞ്ചുകാരൻ അടിച്ചെടുത്തത്. ഒരു ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന ഒമ്പതാമത്തെ താരമാണ്. രണ്ടാമത്തെ ഇന്ത്യക്കാരനും. സുനിൽ ഗാവസ്‌കറാണ് മുൻഗാമി. 1971ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഗാവസ്‌കറുടെ പ്രകടനം.
നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കരുൺ നായർ (26) വേഗം മടങ്ങിയെങ്കിലും ഗില്ലിനൊപ്പം ഉറച്ചുനിന്ന കെ എൽ രാഹുലിന്റെയും (55) ഋഷഭ് പന്തിന്റെയും (65) രവീന്ദ്ര ജഡേജയുടെയും (69*) അർധസെഞ്ചുറി ഇന്നിങ്‌സുകൾ കരുത്തായി. ലീഡുയർത്താൻ അതിവേഗം റണ്ണടിക്കുക എന്നതായിരുന്നു ഇന്ത്യൻ തന്ത്രം. അനായാസം ഇത് നടപ്പാക്കുകയും ചെയ്‌തു എല്ലാവരും. ആദ്യ ഇന്നിങ്‌സിൽ 269 റൺ നേടിയ ഗിൽ ഇത്തവണ നാലാമനായെത്തി എട്ട് സിക്‌സറും 13 ഫോറും നേടി. പന്തിനൊപ്പം 110 റണ്ണിന്റെയും ജഡേജയ്‌ക്കൊപ്പം 175 റണ്ണിന്റെയും കൂട്ടുകെട്ടുയർത്തി. മറുപടിയിൽ ഓപ്പണർമാരായ സാക് ക്രൗളിയെയും (0) ബെൻ ഡക്കറ്റിനെയും (25) ജോ റൂട്ടിനെയുമാണ് (6) ഇംഗ്ലണ്ടിന് നഷ്ടമായത്.
0 comments