ad
Deshabhimani

ധ്രുവ്‌ ജുറെലിനും സെഞ്ചുറി; ലങ്കയ്ക്ക് മുന്നിൽ റൺമല തീർത്ത് ഇന്ത്യ

druv.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 05:10 PM | 2 min read

കൊളംബോ: രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ശ്രീലങ്കയ്ക്ക് മുന്നിൽ റൺമല തീർത്ത് ഇന്ത്യ. ദേവ്‌ദത്ത്‌ പടിക്കലിനെ പിന്നാലെ ധ്രുവ്‌ ജുറെലും സെഞ്ചുറി നേടിയതാണ് ഇന്ത്യയ്ക്ക് കരുത്തായത്. 177 പന്തിൽ 115 റൺസുമായി ധ്രുവ് പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 503 റൺ എടുത്ത് ടീം ഡിക്ലർ ചെയ്തു. കുറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന നിലയിലാണ്.


അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ധ്രുവ് ജുറെൽ മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം ദിനം ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് സാരാംശ് ജെയ്‌നിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ ആദ്യ ദിനം പരിക്കേറ്റ് ​ഗ്രൗണ്ട് വിട്ട ഋഷഭ് പന്താണ് ​ക്രീസിലെത്തിയത്. ഇതോടെ ഇന്ത്യൻ സ്കോർ ബോർഡ് വേ​ഗത്തിൽ ചലിച്ചു. ഏഴാം വിക്കറ്റിൽ ജുറെലുമായി ചേർന്ന് 112 റൺസ് കൂട്ടുകെട്ടാണ് പന്ത് (63) ഉണ്ടാക്കിയത്. പിന്നീട് എത്തിയർക്കൊന്നും അധികം ആയുസുണ്ടായില്ല. ഇതിനെടെ ധ്രുവ്‌ ജുറെലും സെഞ്ചുറി പൂർത്തിയാക്കി. സ്കോർ 500 കടന്നതോടെ ടീം ഡിക്ലർ ചെയ്യുകയായിരുന്നു.


ആദ്യ ദിനം സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയുടെ ബാറ്റിങ്ങിൽ മികച്ചുനിന്നത്. ടോസ്‌ നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും കെ എൽ രാഹുലിനും വലിയ ഇന്നിങ്സ്‌ സാധ്യമായില്ല. പതിനൊന്നാം ഓവറിൽ രാഹുലും ആറ്‌ ഓവറിനുശേഷം ജയ്‌സ്വാളും മടങ്ങി. പേസർമാരായ ലഹിരു കുമാരയും അസിത ഫെർണാണ്ടോയും വിക്കറ്റെടുത്തു. 33 പന്തിൽ 18 റൺ നേടിയ രാഹുൽ ലഹിരുവിന്റെ പന്തിൽ വിക്കറ്റ്‌കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല പിടിച്ച്‌ പുറത്തായി. അനായാസം ബാറ്റ്‌ വീശിയ ജയ്‌സ്വാൾ ഒമ്പത്‌ ഫോറിന്റെ അകമ്പടിയിൽ 53 പന്തിൽ 45 റണ്ണെടുത്തു. അസിതയുടെ പന്തിന്റെ ചലനം മനസ്സിലാക്കാതെ ബാറ്റ്‌വീശി ബ‍ൗൾഡായി.


തുടർന്നായിരുന്നു ഗില്ലും പടിക്കലും ചേർന്നുള്ള ഇന്നിങ്സ്‌. ഇരുവരും ക്ഷമയോടെ കളിച്ചു. പേസർമാരെയും സ്‌പിന്നർ പ്രഭാത്‌ ജയസൂര്യയെയും നേരിടുന്നതിൽ മിടുക്ക്‌ കാട്ടി. 108 പന്തിൽ 50 റണ്ണെടുത്ത ഗിൽ ആറ്‌ ഫോറടിച്ചു. അസിതയുടെ പന്തിൽ കീപ്പർ പിടിച്ചാണ്‌ മടക്കം. മൂന്ന്‌ റണ്ണെടുത്ത്‌ പരിക്കേറ്റ്‌ മടങ്ങിയ ഋഷഭ്‌ പന്തിന്‌ പകരമെത്തിയ രവീന്ദ്ര ജഡേജയിൽ പടിക്കൽ നല്ല കൂട്ടാളിയെ കണ്ടെത്തി. ഇരുവരും ചേർന്ന്‌ നാലാം വിക്കറ്റിൽ 74 റൺ കൂട്ടിച്ചേർത്തു. 168 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ദേവ്‌ദത്ത്‌ പടിക്കൽ ആത്മവിശ്വാസത്തോടെ ബാറ്റ്‌വീശുന്നതിനിടെ വിക്കറ്റ്‌ വീണു. സ്‌പിന്നർ കേശര നുവാന്തയുടെ തിരിഞ്ഞെത്തിയ പന്ത്‌ കുറ്റി പിഴുതു. ഒന്നാം ടെസ്‌റ്റിൽ ഇ‍ൗ മറുനാടൻ മലയാളി ബാറ്റർ 167 റണ്ണെടുത്തിരുന്നു.

ഓൾറ‍ൗണ്ടർ റോളിൽ തിളങ്ങുന്ന ജഡേജ 83 പന്തിൽ 43 റൺ സംഭാവന നൽകി. അസിത ഫെർണാണ്ടോയുടെ പന്തിൽ ബ‍ൗൾഡാകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home