'ഓണത്തിന് ഹൃദയപൂർവം'; കളമശേരി മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി ഡിവൈഎഫ്‌ഐ

ഫോട്ടോ: വി കെ അഭിജിത്
കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ. 2500ലധികം പേർക്കാണ് തിങ്കളാഴ്ച സദ്യയൊരുക്കിയത്. ഓണസദ്യയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം ഡോക്ടർമാരും മറ്റ് ജീവനക്കാരും പങ്കെടുത്തു. കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സദ്യ. 18 വർഷമായി ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കുന്നുണ്ട്. രണ്ടുകൂട്ടം പായസമടക്കം വിഭവസമൃദ്ധമായ സദ്യയാണ് ഡിവൈഎഫ്ഐ ഒരുക്കിയത്. 250 പേർക്ക് ഒരേസമയം ഇരിക്കാവുന്ന തരത്തിൽ പന്തൽ ഒരുക്കിയാണ് സദ്യ നൽകിയത്.
ഫോട്ടോ: വി കെ അഭിജിത്
2009ലാണ് ആദ്യം ഓണസദ്യയൊരുക്കിയത്. അന്നുമുതൽ മുടങ്ങാതെ എല്ലാ വർഷവും ഓണസദ്യയൊരുക്കുന്നുണ്ട്. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന ആശയമുയർത്തി ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. ഇതിനും വർഷങ്ങൾക്കുമുമ്പ് തന്നെ ഓണസദ്യ നൽകിത്തുടങ്ങിയിരുന്നു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പരിപാടിയാണിത്, രാഷ്ട്രീയ വൈരാഗ്യത്താൽ ഭക്ഷണവിതരണത്തെ തകർക്കാൻ ശ്രമിക്കുന്നവരെ പൊതുസമൂഹം തന്നെ നേരിടും, സതീഷ് പറഞ്ഞു.
ഫോട്ടോ: വി കെ അഭിജിത്










0 comments