തദ്ദേശ ഉപതെരഞ്ഞെടുപ്പ്: അന്തിമപട്ടികയിൽ 3,09,713 വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 309713 വോട്ടർമാരുള്ള അന്തിമപട്ടികയിൽ 164241 സ്ത്രീകളും 145468 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളുമാണുള്ളത്. ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരടു പട്ടികയിൽനിന്ന് അനർഹരായ 1148 വോട്ടർമാരെ ഒഴിവാക്കിയും പുതുതായി പേരു ചേർത്ത 3897 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമപട്ടിക തയ്യാറാക്കിയത്. പുതുതായി പേര് ചേർത്തവരിൽ 2139 സ്ത്രീകളും 1758 പുരുഷന്മാരുമുണ്ട്.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് നഗരസഭാ വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലെ വോട്ടർപട്ടികയാണ് പുതുക്കിയത്. 2026 ജനുവരി ഒന്ന് യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ അറിയിച്ചു.










0 comments