Deshabhimani

ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരെ ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

veeramani
വെബ് ഡെസ്ക്

Published on Oct 18, 2026, 09:45 PM | 1 min read

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിക്കെതിരെ ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ഞായറാഴ്ച, പൊലീസ് ഏഴാമത്തെ കേസ് രജിസ്റ്റർ ചെയ്തു. നിയമനടപടികളിൽ നിന്ന് ഒളിവിലാകാൻ സഹായിച്ചതിന് അദ്ദേഹത്തിന്റെ മാനേജർ ശക്തിവേലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


വീരമണിയുടെ കൂട്ടാളിയായ ശാന്തിയുടെ വച്ചാണ് പെൺകുട്ടിക്ക് പീഡനം നേരിടേണ്ടി വന്നത്. ഇതുവരെ 11 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പരാതികളാണ് അന്വേഷണത്തിൽ പുറത്തുവന്നിട്ടുള്ളത്.


ഒക്ടോബർ 18നാണ് മാനേജർ ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. വീരമണിയെ ഒളിവിൽ പോകാൻ ശക്തിവേൽ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ ആ​ഗസ്ത് 29ന് വീരമണിയെയും കൂട്ടാളികളായ ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഒക്ടോബർ 5ന് പെൺകുട്ടികളെ പീഡന സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ലാസർ, പാർത്ഥിപൻ, ബാബു എന്നീ മൂന്ന് ഡ്രൈവർമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ്ഡ്സ് റോഡിലെ വീരമണിയുടെ വസതി, കാനത്തൂരിലെ ഫാം ഹൗസ്, ചാമുണ്ഡേശ്വരി നാച്ചുറൽ സ്റ്റോൺസിന്റെ ഓഫീസ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി നിർണായക തെളിവുകൾ പിടിച്ചെടുത്തിരുന്നു.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 2025 ഒക്ടോബർ 7നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്. പക്ഷേ ദീർഘകാലം കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇരകൾ ജീവനൊടുക്കിയതിനാൽ കേസ് തുടരാനാവുന്നില്ല എന്നുവരെ വിശദീകരിച്ചായിരുന്നു പൊലീസ് പിൻമാറ്റം.


കേസ് ഇല്ലാതാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ മാധ്യമങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പല തലങ്ങളിൽ ശ്രമങ്ങൾ നടന്നു. ഇവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് തുടക്കത്തിൽ പറഞ്ഞിരുന്നു. കേസുകൾ ഇല്ലാതാക്കാൻ മാത്രം 70 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർടുകൾ പുറത്തെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home