കറങ്ങിക്കൊണ്ടിരുന്ന 'സുനാമി' റൈഡില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്

അഹില്യാനഗർ: അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന റൈഡിന്റെ സുരക്ഷാ ലോക്ക് പെട്ടെന്ന് തുറന്നു. റൈഡിന്റെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതി താഴേക്ക് തെറിച്ചുവീണു. മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിലെ ജാംഖേഡിൽ നടന്ന നാഗേശ്വർ യാത്രാ ഉത്സവത്തിന്റെ ഭാഗമായുള്ള ആനന്ദ് മേളയിലാണ് അപകടം.
മേളയിൽ സ്ഥാപിച്ചിരുന്ന ‘സുനാമി’ റൈഡിലാണ് അപകടമുണ്ടായത്. റൈഡ് അതിവേഗത്തിൽ കറങ്ങുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ ഇരുമ്പ് സുരക്ഷാ ലോക്ക് തുറന്നുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ബാലൻസ് നഷ്ടമായ യുവതി റൈഡിൽ നിന്ന് പുറത്തേക്ക് തെറിച്ച് നിലത്തുവീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ മേളയിൽ പരിഭ്രാന്തി പടർന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേളകളിൽ സ്ഥാപിക്കുന്ന ഇത്തരം റൈഡുകളുടെ സുരക്ഷയെച്ചൊല്ലി ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം റൈഡുകളില്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്നതടക്കമുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്. റൈഡ് നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മേളയിലെ എല്ലാ റൈഡുകളുടെയും സുരക്ഷാ പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments