ad
Deshabhimani

'വാക്ക് പാലിച്ചില്ല': വീണ്ടും സമരത്തിന് സിജെപി; സെപ്തംബർ അഞ്ചിന് ഡൽഹിയില്‍ പ്രക്ഷോഭം

jantar matar cjp protest
വെബ് ഡെസ്ക്

Published on Aug 24, 2026, 06:33 PM | 2 min read

ന്യൂഡൽഹി: ജൂലൈ 25ന് യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സെപ്തംബർ അഞ്ചിന് ന്യൂഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി. നേരത്തെ രാജ്യവ്യാപകമായി നടന്ന യുവജന പ്രതിഷേധം കേന്ദ്രസർക്കാരിന്റെ ഉറപ്പുകൾ വിശ്വസിച്ച് പിൻവലിച്ചതാണെന്നും, എന്നാൽ ഒരു മാസം പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും സിജെപി വ്യക്തമാക്കി.


ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ന്യൂഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് നീങ്ങുക. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഇരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളും പൊലീസ് അതിക്രമത്തിനിരയായവരും മാർച്ചിന് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവജന സംഘടനകളും യുവാക്കളും മാർച്ചിൽ പങ്കെടുക്കുമെന്നും സിജെപി അറിയിച്ചു.


സിജെപി ദേശീയ പ്രവർത്തക സമിതിയുടെ യോഗത്തിലാണ് പ്രതിഷേധ മാർച്ച് നടത്താനുള്ള തീരുമാനം ഏകകണ്ഠമായി കൈക്കൊണ്ടത്. ജൂലൈ 25ന് യുവജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരും ബിജെപി–എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.


വാഗ്ദാനങ്ങൾ പരസ്യമായി നൽകിയിട്ട് ഒരു മാസം പിന്നിടുമ്പോഴും അവ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിൽ ദേശീയ പ്രവർത്തക സമിതി ആശങ്ക രേഖപ്പെടുത്തി. സർക്കാർ സ്വന്തം വാക്ക് പാലിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യവും സിജെപി ഉയർത്തി.


വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് പകരം സാങ്കേതിക ന്യായീകരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നടപടി വൈകിപ്പിക്കുകയാണെന്നും, സുപ്രീംകോടതിക്ക് മുന്നിൽ പോലും വ്യക്തമായ ഉറപ്പുകൾ നൽകുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും സിജെപി പറഞ്ഞു.


ആ​ഗസ്ത് 18ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എല്ലാ കേസുകളും ഒരുമിച്ച് പരിഗണിച്ച് എഫ്‌ഐആറുകൾ റദ്ദാക്കുന്നത് പരിഗണിക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഇതുസംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് സിജെപി ആരോപിച്ചു.


ജൂലൈ 25ലെ ഉറപ്പുകളുടെ ഭാഗമായി സിജെപിക്ക് നൽകാമെന്ന് അറിയിച്ച രേഖാമൂലമുള്ള ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കി.


കേന്ദ്രസർക്കാരിന്റെ തുടർച്ചയായ കാലതാമസം രാജ്യത്തെ യുവജനങ്ങളെ വീണ്ടും ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധത്തിലേക്ക് തിരിച്ചെത്താൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് സിജെപി പറഞ്ഞു.


“ഞങ്ങളുടെ ക്ഷമയെ ദൗർബല്യമായി കാണരുത്. സദുദ്ദേശ്യത്തോടെ നൽകിയ വിശ്വാസം യുവജനങ്ങളെ വഞ്ചിക്കാനുള്ള അവസരമായി മാറാൻ അനുവദിക്കില്ല,” ദേശീയ പ്രവർത്തക സമിതി വ്യക്തമാക്കി.


ജൂലൈ 25ന് സംയുക്ത വാർത്താസമ്മേളനത്തിൽ പൊതുവായി നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് രാജ്യവ്യാപകമായ യുവജന പ്രക്ഷോഭം പിൻവലിച്ചതെന്ന് സിജെപി പറഞ്ഞു. ഒരു തലമുറയുടെ വിശ്വാസം നേടിയെടുത്ത് യുവാക്കളെ പ്രതിഷേധങ്ങളിൽ നിന്ന് വീട്ടിലേക്ക് മടക്കിയയച്ച ശേഷം സ്വന്തം വാക്കിൽ നിന്ന് സർക്കാർ പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്നും പാർട്ടി വ്യക്തമാക്കി.


'കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളാണ് മാർച്ചിന്റെ മുൻനിരയിൽ നടക്കുക. പൊലീസ് അതിക്രമത്തിന്റെ ഇരകൾ അവർക്കൊപ്പം നടക്കും. അവരുടെ പിന്നിലായി, നൽകിയ വാക്ക് പാലിക്കണമെന്ന ആവശ്യവുമായി ഒരു തലമുറ മുഴുവനുമുണ്ടാകും' സിജെപി അറിയിച്ചു.


സെപ്തംബർ 5ന് ഇന്ത്യാ ഗേറ്റിൽ എത്തിച്ചേരാൻ രാജ്യത്തെ വിദ്യാർഥി-യുവജനങ്ങളോട് സിജെപി ആഹ്വാനം ചെയ്തു.


പ്രതിഷേധം പൂർണമായും സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്നും യുവജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ വാക്കിലും പ്രവൃത്തിയിലും കേന്ദ്രസർക്കാർ പാലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home