ad
Deshabhimani

അയോധ്യ തട്ടിപ്പ് പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ayodhya abhishek upadhyay
വെബ് ഡെസ്ക്

Published on Aug 25, 2026, 08:49 PM | 2 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ സാമ്പത്തിക തിരിമറികളും അഴിമതികളും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരായ ഉത്തർപ്രദേശ് പോലീസിന്റെ പ്രതികാര നടപടികൾക്ക് സുപ്രീം കോടതിയുടെ പൂട്ട്. ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഷേക് ഉപാധ്യായക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള യാതൊരുവിധ കടുപ്പമേറിയ നടപടികളും (coercive action) സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിർണ്ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ കേസുകളിൽ മാത്രമല്ല, ഭാവിയിൽ ഉപാധ്യായക്കെതിരെ യുപി പോലീസ് രജിസ്റ്റർ ചെയ്തേക്കാവുന്ന എഫ്ഐആറുകൾക്കും ഈ നിയമപരമായ സംരക്ഷണം ബാധകമായിരിക്കുമെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി.


ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരന് എത്രയും വേഗം കൈമാറാൻ പൊലീസിനോട് നിർദ്ദേശിച്ചു. എഫ്ഐആർ പകർപ്പ് ലഭിച്ച ശേഷം കേസ് പൂർണ്ണമായും റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ഉപാധ്യായക്ക് സുപ്രീം കോടതി സ്വാതന്ത്ര്യം നൽകി. എഫ്ഐആർ പകർപ്പ് നൽകിയതിനെ സംബന്ധിച്ച് ഗാസിയാബാദ് പൊലീസ് കമ്മീഷണർ സെപ്റ്റംബർ 7-ന് നടക്കുന്ന അടുത്ത വിചാരണവേളയിൽ കോടതിയിൽ പാലന റിപ്പോർട്ട് സമർപ്പിക്കണം.


ഓഗസ്റ്റ് 18-ന് ഷിപ്ര മാളിന് സമീപം അഭിഷേക് ഉപാധ്യായ സഞ്ചരിച്ച ബലേനോ കാർ ഒരു ബൈക്കിൽ തട്ടിയെന്നും, തുടർന്ന് ബൈക്ക് യാത്രികനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നുമാണ് പൊലീസിന്റെ എഫ്ഐആറിലുള്ള ആരോപണം. റോഡ് തർക്കത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ പട്ടികജാതി/പട്ടികവർഗ്ഗ അക്രമ നിരോധന നിയമത്തിലെ (SC/ST Act) കടുത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ട്.


എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഉപാധ്യായ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 18-ന് മകളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന വഴി ഷിപ്ര മാളിന് സമീപത്ത് വെച്ച് ഒരു ബൈക്ക് യാത്രികൻ തന്റെ കാറിന് മുന്നിൽ പ്രശ്നമുണ്ടാക്കുക മാത്രമാണ് ചെയ്തത്. അപകടമോ തർക്കമോ ഉണ്ടായിട്ടില്ല. മകൾ കൂടെയുണ്ടായിരുന്നതിനാൽ താൻ അവിടെനിന്ന് പോവുകയാണുണ്ടായത്. പരാതിയിൽ പറയുന്ന ബൈക്ക് രജിസ്ട്രേഷൻ നമ്പർ മറ്റൊരു വാഹനത്തിന്റെതാണെന്നും എഫ്ഐആറിൽ തന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home