print edition തസ്‌തിക സൃഷ്‌ടിക്കൽ തടസ്സപ്പെടുത്തി സർക്കാർ; കെഎഎസും അട്ടിമറിക്കാൻ നീക്കം

സ്വന്തം ലേഖകൻ
Published on Aug 25, 2026, 10:14 PM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നീക്കം. 31 തസ്തിക സൃഷ്ടിക്കാനുള്ള നടപടി തടസ്സപ്പെടുത്തുകയാണ്. നിയമന നീക്കവും മരവിപ്പിച്ചു. നിലവിൽ മൂന്ന് സ്ട്രീമിലായി മൂന്നുപേർക്കാണ് നിയമന ശുപാർശ അയച്ചത്. റാങ്ക് പട്ടിക നിലവിൽ വന്നശേഷം അഡ്വൈസ് മെമ്മോ അയക്കാൻ പിഎസ്‍സി ഒഴിവുകളുടെ വിവരം ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കാൻ വിവിധ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട്ചെയ്‌തുവെന്നും ഇവയിൽനിന്ന് കണ്ടെത്തേണ്ട 45 തസ്തികകളുടെ താൽകാലിക പട്ടിക തീരുമാനത്തിന് സമർപ്പിച്ചുവെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. എന്നാൽ തുടർനടപടിയുണ്ടായില്ല.
കെഎഎസ് റാങ്ക് പട്ടികയുടെ മൂന്ന് സ്ട്രീമിലുമായി 261 പേരാണുള്ളത്. സ്ട്രീം ഒന്നിലെ മുഖ്യപട്ടികയിൽ 22, സപ്ലിമെന്ററി ലിസ്‌റ്റ് 59, ഭിന്നശേഷി വിഭാഗം 19 എന്നിവരുൾപ്പെടെ 100 പേരാണുള്ളത്. സ്‌ട്രീം 2 വിലെ മുഖ്യപട്ടികയിൽ 19 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 56 പേരും ഭിന്നശേഷി വിഭാഗത്തിൽ 15 പേരും അടക്കം 90 പേരുണ്ട്. സ്‌ട്രീം 3 ലെ മുഖ്യപട്ടികയിൽ 20 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 44 പേരും ഭിന്നശേഷി വിഭാഗത്തിൽ 7 പേരും അടക്കം 71 പേരും ഉൾപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഎഎസ് നടപ്പാക്കിയതിലൂടെ കേരളം കൈവരിച്ചത് സുപ്രധാന നേട്ടമാണ്. 2021 ഒക്ടോബർ എട്ടിന് നിലവിൽ വന്ന ആദ്യ റാങ്ക് പട്ടികയിൽനിന്ന് മൂന്ന് സ്ട്രീമുകളിലുമായി നിയമന ശുപാർശ ലഭിച്ചത് 108 പേർക്കാണ്.










0 comments