നഷ്ടം കുതിക്കുന്നു; എയർ ഇന്ത്യ 1.5 ബില്യൺ ഡോളർ അധിക നിക്ഷേപം തേടുന്നു

ന്യൂഡൽഹി: റെക്കോർഡ് നഷ്ടത്തിന് പിന്നാലെ ടാറ്റ സൺസിനോടും സിംഗപ്പൂർ എയർലൈൻസിനോടും 1.5 ബില്യൺ ഡോളർ അധിക ഓഹരി മൂലധനം ആവശ്യപ്പെട്ട് എയർ ഇന്ത്യ.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 2.33 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ ഇരട്ടിയിലധികമാണ് നഷ്ടം.
വിമാനങ്ങളുടെ നവീകരണവും പ്രവർത്തന സംവിധാനങ്ങളുടെ പുനഃസംഘടനയും ഉൾപ്പെടെയുള്ള ബഹുകോടി ഡോളർ പുനരുജ്ജീവന പദ്ധതിക്കായാണ് പുതിയ ഫണ്ട് ആവശ്യപ്പെടുന്നത്.
തുക ഘട്ടംഘട്ടമായി നിക്ഷേപിക്കാനാണ് സാധ്യത. എയർ ഇന്ത്യയിൽ ഏകദേശം 25% ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസും അതിന്റെ വിഹിതം നൽകേണ്ടിവരും. എന്നാൽ ഫണ്ടിങ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാൻ വ്യോമപാത വിലക്കും പശ്ചിമേഷ്യയിലെ സംഘർഷവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ എയർ ഇന്ത്യയുടെ പ്രവർത്തനത്തെയും സാമ്പത്തിക നിലയെയും കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്










0 comments