പൂജപ്പുര മൈതാനിയിൽ ഓണനിലാവ്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയിൽ ദേശാഭിമാനി സംഘടിപ്പിച്ച ഓണനിലാവ് സംഗീതപരിപാടിയില്‍ അതുൽ നറുകരയും സംഘവും പാടുന്നു
തിരുവനന്തപുരം
ഒന്നാം ഓണമായ ഉത്രാടത്തിന് പൂജപ്പുര മൈതാനിയിലേക്കായിരുന്നു കലാസ്വാദകർ ഒഴുകിയെത്തിയത്. തലമുറ വ്യത്യാസമില്ലാതെ ഓണാഘോഷത്തെ ആടിയും പാടിയും കൈയിലെടുത്തു. ഓണം വേദിയിൽ ദേശാഭിമാനിയൊരുക്കിയ ‘നിറനിലാവി’ൽ പ്രേക്ഷകരെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ചത് യുവ ഗായകൻ അതുൽ നറുകരയും സംഘവുമാണ്. കമ്മട്ടിപ്പാടം ചിത്രത്തിലെ ‘പുഴുപുലികൾ പക്കി പരുന്തുകൾ’ ഗാനത്തോടെയായിരുന്നു തുടക്കം. 12 പേർ അടങ്ങിയ ടീമിൽ കാർത്തികയും സുഭാഷും അതുലിനൊപ്പം സിനിമാഗാനങ്ങളും നാടൻപാട്ടുകളുമായി സദസ്സിനെ ഇളക്കിമറിച്ചു. കടുവയിലെ സൂപ്പർഹിറ്റ് ഗാനം, പാലാപള്ളി തിരുപ്പള്ളീ.. അതുൽതന്നെ പാടിയപ്പോൾ നൃത്തച്ചുവടുകളും ആർപ്പുവിളികളുമായി മൈതാനമുണർന്നു. കാന്താര, നരിവേട്ട തുടങ്ങിയ ചിത്രങ്ങളിൽ അതുൽ പാടിയ പാട്ടുകളും വേദിയിലെത്തി. ബാൻഡ് രീതിയിലായിരുന്നു ഗാനങ്ങളുടെ അവതരണം. കലാപകാരിയെ തുറങ്കിലടയ്ക്കാം പക്ഷേ, സമരത്തെ അടിച്ചമർത്താൻ പറ്റില്ലെന്ന പ്രസ്‌താവനയും സമകാലിക സമരങ്ങളെ മുൻനിർത്തി കലയിൽ കൂട്ടിയിണക്കി. രണ്ടുമണിക്കൂർ മതിമറന്ന ആഹ്ലാദത്തിന്റെ അലയൊലികൾ അവസാനിച്ചപ്പോൾ രാത്രി വൈകി.










0 comments