ad
Deshabhimani

പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളെ കൂടുതൽ വെട്ടിമുറിക്കും; സമ്മർദ്ദവും ഗൂഢതന്ത്രങ്ങളും തകൃതി

pkd tvm railway
വെബ് ഡെസ്ക്

Published on Aug 25, 2026, 09:03 PM | 2 min read

തിരുവനന്തപുരം: രാജ്യത്തെ ദൈർഘ്യം കുറഞ്ഞ റെയിൽവേ ഡിവിഷനുകളായ പാലക്കാടിനെയും തിരുവനന്തപുരത്തെയും വീണ്ടും വെട്ടിമുറിക്കാനുള്ള നീക്കം കേരളത്തോടുള്ള കടുത്ത അവഗണന. ദൂരപരിധി പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാരും വരുമാനവുമുള്ള രണ്ട് ഡിവിഷനുകളെയാണ് ഇത്തരത്തിൽ ഇല്ലാതാക്കാൻ നീക്കം നടക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ഡിവിഷനുകളിൽ രണ്ടാം സ്ഥാനമായിരുന്നു പാലക്കാടിന്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വളർച്ച രേഖപ്പെടുത്തുന്ന ഡിവിഷനുകളാണ് പാലക്കാടും തിരുവനന്തപുരവും. എന്നാൽ, വെട്ടിമുറിക്കൽ കടുക്കുന്നതോടെ പാലക്കാടും തിരുവനന്തപുരവും കൂടുതൽ ചുരുങ്ങുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യുകയാകും ഫലം. നിലവിൽ ആയിരത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള ഡിവിഷനുകൾക്കായാണ് കേരളത്തിലെ ഡിവിഷനുകളെ ശോഷിപ്പിക്കുന്നത്.


കൂടുതൽ വിലപേശൽ ശേഷിയുള്ള തമിഴ്‌നാടിന്റെയും കർണാടകത്തിന്റെയും താൽപ്പര്യങ്ങൾക്ക് വഴങ്ങി, കേരളത്തെ റെയിൽവേ ഭൂപടത്തിൽ പേരിനു മാത്രമാക്കി ഒതുക്കുകയാണ് കേന്ദ്ര സർക്കാർ. പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ റൂട്ടിന്റെ നീളം നിലവിൽ 577 കിലോമീറ്റർ മാത്രമാണ്. തിരുവനന്തപുരം 625 കിലോമീറ്ററും.


പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരം മേഖല വെട്ടിമാറ്റിയതോടെ പാലക്കാടിന്റെ ദൈർഘ്യം 540 കിലോമീറ്ററായി കുറയും. പൊള്ളാച്ചി മുതൽ ഉപ്പള വരെയാണ് ഇനി പാലക്കാട് ഡിവിഷൻ പരിധി. ഇതിൽ പൊള്ളാച്ചി–കിണറ്റുകടവ് ഭാഗം സേലം ഡിവിഷനു കീഴിലാക്കാനുള്ള നീക്കം ശക്തമാണ്. തമിഴ്‌നാടിന്റെ സമ്മർദത്തിന് കേന്ദ്രം വഴങ്ങാനാണ് സാധ്യത. അതു നടന്നാൽ 22 കിലോമീറ്റർ കൂടി പാലക്കാടിന് നഷ്ടമാകും. നിലവിൽ സേലം ഡിവിഷൻ 862 കിലോമീറ്ററാണ്. അതു കൂടുതൽ വലുതാവുകയും പാലക്കാട് ചുരുങ്ങുകയും ചെയ്യും. കോയമ്പത്തൂർ, ഈറോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ കീഴിലുള്ള സേലം നിലവിൽ നല്ല വരുമാനമുള്ള ഡിവിഷനാണ്. മൈസൂരു ഡിവിഷന് നിലവിൽ 1100 കിലോമീറ്റർ റെയിൽവേ ലൈനും 126 സ്റ്റേഷനുമുണ്ട്.


തിരുവനന്തപുരം ഡിവിഷനു കീഴിലെ റെയിൽവേ റൂട്ട് 625 കിലോമീറ്റർ മാത്രമാണ്. തൃശൂർ വള്ളത്തോൾ നഗർ മുതൽ തിരുനെൽവേലിയിലെ മേലേപ്പാളയം വരെയുള്ള ഡിവിഷൻ 1979-ൽ രൂപീകരിച്ചതാണ്. ഈ ഡിവിഷനു കീഴിലെ നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന ഭാഗങ്ങളെ മധുര ഡിവിഷനു കീഴിലാക്കാൻ നീക്കങ്ങൾ തകൃതിയാണ്. ദക്ഷിണ റെയിൽവേയിലെ ഏറ്റവും വലിയ ഡിവിഷനാണ് 1356 കിലോമീറ്റർ റൂട്ടുള്ള മധുര. കേരളത്തിലെ കൊല്ലം–പുനലൂർ പാതയും മധുരയ്ക്ക് കീഴിലാണ്. ഇതുകൂടാതെ തമിഴ്‌നാട്ടിലെ 12 ജില്ലകളിലും മധുര ഡിവിഷന്റെ സാന്നിധ്യമുണ്ട്. ടൂറിസം പ്രാധാന്യമുള്ള കന്യാകുമാരി നഷ്ടമാകുന്നത് തിരുവനന്തപുരത്തെ വലിയതോതിൽ ബാധിക്കും.


പാറശ്ശാല മുതൽ തിരുനെൽവേലി വരെ 114 കിലോമീറ്റർ ദൂരവും 20 സ്റ്റേഷനുകളുമുണ്ട്. ഈ ഭാഗം നഷ്ടമായാൽ തിരുവനന്തപുരത്തിന്റെ നീളം 511 ആയി ചുരുങ്ങും. വരുമാനത്തിലും വലിയ കുറവുണ്ടാകും. കന്യാകുമാരി കേന്ദ്രമാക്കി പ്രത്യേക ഡിവിഷൻ വേണമെന്ന ആവശ്യവും പ്രാദേശികമായി ഉയരുന്നുണ്ട്. അങ്ങനെയായാലും തിരുവനന്തപുരത്തിന് കനത്ത നഷ്ടമാകും. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന പല ട്രെയിനുകളും കന്യാകുമാരി വരെ നീട്ടിയത് പ്രത്യേക പരിഗണന ലഭിക്കാൻ വേണ്ടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home