രാഹുൽ വിജയം ; 93* (53)
ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് , ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

ബംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി കെ എൽ രാഹുലിന്റെ ബാറ്റിങ്
ബംഗളൂരു : തുടർച്ചയായ നാലാം ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ക്രിക്കറ്റിൽ കുതിപ്പ് തുടരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. കെ എൽ രാഹുലും (53 പന്തിൽ 93) ട്രിസ്‌റ്റൺ സ്‌റ്റബ്‌സും (23 പന്തിൽ 38) പുറത്താവാതെ അനായാസ ജയമൊരുക്കി.
സ്‌കോർ: ബംഗളൂരു 163/7, ഡൽഹി 169/4(17.5)
ചെറിയ ലക്ഷ്യത്തിലേക്കുള്ള ഡൽഹിയുടെ തുടക്കം നന്നായില്ല. അഞ്ചാം ഓവർ ആയപ്പോഴേക്കും ഫാഫ് ഡു പ്ലെസിസ് (2), ജേക്ക് ഫ്രേസർ മക്‌ഗുർക് (7), അഭിഷേക് പോറെൽ (7) എന്നിവർ മടങ്ങി. രാഹുലിന് കൂട്ടെത്തിയ ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ (15) പുറത്തായതോടെ ഡൽഹി ഒമ്പതാം ഓവറിൽ 58/4 ആയി. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം സ്‌റ്റബ്‌സ് രാഹുലിന് പിന്തുണ നൽകി. ഇരുവരും അഞ്ചാം വിക്കറ്റിൽ 111 റണ്ണടിച്ചു. രാഹുൽ ആറ് സിക്‌സറും ഏഴ് ഫോറും നേടി. സ്‌റ്റബ്‌സിന് നാല് ഫോറും ഒരുസിക്‌സറുമുണ്ട്.
ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരുവിനെ രണ്ട് വിക്കറ്റ് വീതം നേടിയ സ്‌പിന്നർമാരായ വിപ്രജ് നിഗവും കുൽദീപ് യാദവുമാണ് തളച്ചത്. 20 പന്തിൽ പുറത്താവാതെ 37 റൺ നേടിയ ടിം ഡേവിഡ് സ്‌കോർ 150 കടത്തി. ഓപ്പണർ ഫിൽ സാൾട്ട് 17 പന്തിൽ 37 റണ്ണെടുത്തു. നാല് ഫോറും മൂന്ന് സിക്‌സറുമടിച്ച് ഇംഗ്ലീഷ് ബാറ്റർ തിളങ്ങി. രണ്ട് സിക്‌സറും ഒരു ഫോറുമായി മിന്നാൻ തുടങ്ങിയ കോഹ്‌ലിയെ (14 പന്തിൽ കോഹ്‌ലി 22) വിപ്രജിന്റെ പന്തിൽ മിച്ചൽ സ്‌റ്റാർക്ക് പിടികൂടി. ക്യാപ്‌റ്റൻ രജത് പാട്ടീദാറിനും (23 പന്തിൽ 25) വലിയ സ്‌കോർ സാധ്യമായില്ല. ഇരുപതുകാരനായ സ്‌പിന്നർ വിപ്രജ് നാല് ഓവറിൽ 18 റൺ വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്.









0 comments