വീരനായകനായി അശുതോഷ്; ഡൽഹിക്ക് വിജയം

വിശാഖപട്ടണം : ഏഴാമനായി ഇറങ്ങി അശുതോഷ് ശർമ വീരനായകനായി. 31 പന്തിൽ 66 റണ്ണടിച്ച് ഡൽഹി ക്യാപിറ്റൽസിന് ഒരു വിക്കറ്റിന്റെ അവിസ്‌മരണീയ ജയമൊരുക്കി. ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൈയിൽ കിട്ടിയ ജയം കൈവിട്ടു. സ്‌കോർ: ലഖ്‌നൗ 209/8, ഡൽഹി 211/9(19.3). അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ആറ് റൺ വേണ്ടിയിരുന്നു. ക്രീസിൽ അവസാന വിക്കറ്റുകാരായി മോഹിത് ശർമയും അശുതോഷും.
സ്‌പിന്നർ ഷഹബാസ് അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സുവർണാവസരം തുലച്ചു. കയറിയടിക്കാൻ ശ്രമിച്ച മോഹിതിന് സ്‌റ്റമ്പ് ചെയ്യാനായില്ല. രണ്ടാം പന്തിൽ ഒരു റൺ. നാല് പന്തിൽ ജയിക്കാൻ നാല് റൺ വേണമെന്നിരിക്കെ അശുതോഷ് സിക്‌സറടിച്ച് അസാധ്യമെന്ന് കരുതിയ ജയമൊരുക്കി. അഞ്ച് വീതം സിക്‌സറും ഫോറുമാണ് ഇരുപത്താറുകാരൻ പറത്തിയത്.
ഏഴാം ഓവറിൽ 65 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായശേഷമാണ് ഡൽഹിയുടെ തിരിച്ചുവരവ്. വിപ്രജ് നിഗം (39), ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് (34) എന്നിവർ പിന്തുണ നൽകി.
നിക്കൊളാസ് പുരാനും(30 പന്തിൽ 75) മിച്ചൽ മാർഷുമാണ് (36 പന്തിൽ 72) ലഖ്‌നൗവിന് പൊരുതാനുള്ള സ്‌കോർ നൽകിയത്. പുരാൻ ഏഴ് സിക്‌സറും ആറ് ഫോറുമടിച്ചു. ഋഷഭ് പന്ത് റണ്ണെടുക്കാതെ മടങ്ങി.
0 comments