ഡ്രൈവിങ്ങിൽ അശ്രദ്ധ കാട്ടി; കോടതിയിൽ കുറ്റമേൽക്കാൻ ഡേവിഡ് വാർണർ

Photo Credit: Getty Images
സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കുറ്റം സമ്മതിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. തന്റെ പ്രവൃത്തി അങ്ങേയറ്റം വിഡ്ഢിത്തവും അശ്രദ്ധവുമായിപ്പോയെന്ന് വാർണർ തിരിച്ചറിയുന്നുണ്ടെന്നും നിയമപ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ മാസം സിഡ്‌നിയിലെ മറൂബ്രയിൽ വെച്ച് നടന്ന പരിശോധനയിലാണ് 39-കാരനായ താരം മദ്യപിച്ച നിലയിൽ പിടിയിലായത്.
നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ കറാച്ചി കിംഗ്‌സിന്റെ നായകനായ വാർണർ വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. കേസ് ജൂണിലേക്ക് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഒരു ടാക്സി വിളിക്കുന്നതിന് പകരം സ്വന്തം വാഹനവുമായി പുറപ്പെട്ടത് വാർണർ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോബി ഹിൽ കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിൽ നടന്ന വിരുന്നിൽ മൂന്ന് ഗ്ലാസ് വൈൻ കുടിച്ച ശേഷമാണ് താരം ഡ്രൈവിംഗ് സീറ്റിലിരുന്നതെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി. "ഈസ്റ്റർ ദിനത്തിൽ വൈൻ കുടിക്കുന്നത് തെറ്റായ കാര്യമല്ല, എന്നാൽ ഉത്തരവാദിത്തമുള്ള ഒരു രണ്ടാം പ്ലാൻ തിരഞ്ഞെടുക്കുന്നതിന് പകരം സ്വന്തം വണ്ടി ഓടിക്കാൻ തീരുമാനിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്," ബോബി ഹിൽ കൂട്ടിച്ചേർത്തു.
2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ നിലവിൽ സിഡ്‌നി തണ്ടറിന്റെ ക്യാപ്റ്റൻ കൂടിയാണ്. സംഭവത്തിൽ ക്രിക്കറ്റ് ന്യൂ സൗത്ത് വെയ്‌ൽസ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും താരത്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ലീ ജെർമൺ വ്യക്തമാക്കി.










0 comments