ad
Deshabhimani

അഫ്ഗാൻ ക്രിക്കറ്റിന്റെ കരുത്ത്; ഷാപൂർ സദ്രാന്റെ ഓർമ്മകൾക്ക് മുന്നിൽ ക്രിക്കറ്റ് ലോകം

AFGAN CRICKET PLAYER DEATH

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 09, 2026, 08:30 PM | 2 min read

കാബൂൾ: അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച മുൻ പേസർ ഷാപൂർ സദ്രാൻ (38) വിടവാങ്ങി. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം വ്യാഴാഴ്ച കാബൂളിലെ മരാഞ്ചൻ ഹില്ലിൽ നടന്നു.


അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഈ ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആരാധകരും സഹതാരങ്ങളും ഒത്തുചേർന്നു.


റഷീദ് ഖാൻ, ഹമീദ് ഹസൻ, അസ്ഗർ അഫ്ഗാൻ, സമിഉള്ള ഷിൻവാരി തുടങ്ങിയ മുൻകാല താരങ്ങളും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രതിനിധികളും കുടുംബാംഗങ്ങളും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.


ഇന്ത്യയിൽ നിന്ന് കാബൂളിലെത്തിച്ച സദ്രാന്റെ ഭൗതികശരീരം ബുധനാഴ്ച ഈദ്ഗാഹ് മോസ്കിൽ എത്തിക്കുകയും പ്രാർത്ഥനകൾക്ക് ശേഷം വ്യാഴാഴ്ച മരാഞ്ചൻ ഹില്ലിൽ സംസ്കരിക്കുകയുമായിരുന്നു.


2009-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷാപൂർ സദ്രാൻ, അഫ്ഗാൻ ക്രിക്കറ്റിന്റെ അടിത്തറ പാകിയ താരങ്ങളിലൊരാളാണ്. 2009-2020 കാലയളവിൽ 80 അന്താരാഷ്ട്ര മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ സദ്രാൻ, ഏകദിനങ്ങളിൽ 43 വിക്കറ്റുകളും ട്വന്റി 20യിൽ 37 വിക്കറ്റുകളും സ്വന്തമാക്കി.


2015-ലെ ഐസിസി ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് ആദ്യ വിജയം സമ്മാനിച്ച മത്സരത്തിൽ വിജയറൺ നേടിയത് അദ്ദേഹമായിരുന്നു. ഇത് അഫ്ഗാൻ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.


"ഒരു ഉറ്റ സുഹൃത്തിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. ക്രിക്കറ്റ് മൈതാനത്തിന് അപ്പുറം വലിയൊരു ഹൃദയത്തിന് ഉടമയായിരുന്നു അദ്ദേഹം," റഷീദ് ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


സദ്രാന്റെ ഭൗതികശരീരം കാബൂളിലെത്തിച്ചപ്പോൾ സഹതാരങ്ങൾ വിതുമ്പിക്കരയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അഫ്ഗാനിസ്ഥാന്റെ അഭിമാനമായിരുന്ന സദ്രാൻ എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്ന് മുൻ ക്യാപ്റ്റൻ മുഹമ്മദ് നബി എക്സിൽ കുറിച്ചു.


ഷാപൂർ സദ്രാന്റെ നിര്യാണത്തിൽ ഐസിസി ചെയർമാൻ ജയ് ഷായും വിവിധ ക്രിക്കറ്റ് ബോർഡുകളും അനുശോചനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ചയിലെ അടിസ്ഥാനശിലയാണ് സദ്രാന്റെ സംഭാവനകൾ എന്ന് എസിബി അനുസ്മരിച്ചു.


മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും സദ്രാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ചയിലെ പ്രധാന ശില്പികളിൽ ഒരാളാണ് സദ്രാനെന്നും അദ്ദേഹം പറഞ്ഞു.


അഫ്ഗാൻ താരങ്ങളായ ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായ് തുടങ്ങിയവരും താരത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചു.


താരത്തോടുള്ള ആദരസൂചകമായി ഷ്പഗീസ ക്രിക്കറ്റ് ലീഗിന്റെ ബുധൻ, വ്യാഴം ദിവസങ്ങളിലെ മത്സരങ്ങൾ ബോർഡ് മാറ്റിവെച്ചു. അഫ്ഗാൻ തങ്ങളുടെ ക്രിക്കറ്റ് വീരന്മാരിൽ ഒരാൾക്ക് വിട നൽകുമ്പോൾ, അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ ഉയർച്ചയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ഒരു പാരമ്പര്യം തന്നെയാണ് സദ്രാൻ അവശേഷിപ്പിച്ചു പോകുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home