10 കോടി രൂപ പിടിച്ചുപറിക്കൽ കേസ്; ലോറൻസ് ബിഷ്ണോയി സംഘത്തെ സഹായിച്ച അധ്യാപകൻ പിടിയിൽ

Photo Credit:NDTV
ന്യൂഡൽഹി: ബിടെക് ബിരുദധാരിയും ഗണിതശാസ്ത്ര അധ്യാപകനുമായ യുവാവിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ള സംഘത്തിന് വേണ്ടി ഒരു വ്യവസായിയിൽ നിന്ന് 10 കോടി രൂപ പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഹരിയാന ഹിസാർ സ്വദേശിയും നിലവിൽ ഡൽഹി ഷാലിമാർ ബാഗ് നിവാസിയുമായ അമിത് ബിഷ്ണോയ് എന്ന രുദ്ര പ്രതാപ് സിംഗ് (35) ആണ് പിടിയിലായത്. മുഖർജി നഗറിലെ ഒരു വ്യവസായിക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ജൂൺ 15-ന് ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് വാട്സാപ്പ് കോളിലൂടെ ഹാരി ബോക്സർ എന്നയാൾ പണം ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ചയ്ക്കകം 10 കോടി രൂപ നൽകിയില്ലെങ്കിൽ വ്യവസായിയെയും മക്കളെയും കൊലപ്പെടുത്തുമെന്നും, അദ്ദേഹത്തിന്റെ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഓഫീസിന്റെ വീഡിയോ കൂടി അയച്ചുനൽകിയായിരുന്നു ഭീഷണി. വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 8-ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, പ്രദേശവാസിയായ ഒരാൾ വ്യവസായിയുടെ സ്വകാര്യ വിവരങ്ങളും ഓഫീസിന്റെ വീഡിയോയും അധോലോക സംഘത്തിന് കൈമാറിയതായി പോലീസ് കണ്ടെത്തി. സാങ്കേതിക നിരീക്ഷണത്തിലൂടെയും മറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് അമിത് ബിഷ്ണോയിയെ പോലീസ് പിടികൂടിയത്.
വ്യവസായിയെയും കുടുംബത്തെയും ബിസിനസ് കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് ഹാരി ബോക്സറിന് കൈമാറിയത് താനാണെന്ന് അമിത് പോലീസിനോട് സമ്മതിച്ചു.
ഫരീദാബാദിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ വ്യക്തിയാണ് അമിത്. തുടർന്ന് യുപിഎസ്സി, എസ്എസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കാനാണ് ഇയാൾ ഡൽഹിയിലെ മുഖർജി നഗറിൽ എത്തിയത്.
2018 മുതൽ നഗരത്തിലെ വിവിധ കോച്ചിംഗ് സെന്ററുകളിൽ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. 2014-ൽ ഹരിയാനയിൽ വെച്ച് പരിചയപ്പെട്ട ലോറൻസ് ബിഷ്ണോയിയുമായുള്ള ബന്ധമാണ് ഇയാളെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചത്.
സമാനമായ രീതിയിൽ മറ്റ് ആരെങ്കിലും ഇയാളുടെ സഹായത്തോടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.










0 comments