ad
Deshabhimani

മുംബൈയിൽ കനത്ത മഴയ്ക്ക് ശമനം; കൊങ്കൺ മേഖലയിലും മഴ കുറയും

Mumbai

Photo: NDTV

വെബ് ഡെസ്ക്

Published on Jul 09, 2026, 09:38 PM | 1 min read

മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈ നഗരത്തെയും കൊങ്കൺ തീരത്തെയും മുക്കിയ കനത്ത മൺസൂൺ മഴയ്ക്ക് വരും ദിവസങ്ങളിൽ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതർ. വരും ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറയുന്നതും മറ്റ് അന്തരീക്ഷ വ്യതിയാനങ്ങളും കാരണം തീരദേശ മേഖലകളിൽ പ്രളയക്കെടുതികളിൽ നിന്നും ജനജീവിതം സ്തംഭിപ്പിച്ച കനത്ത മഴയിൽ നിന്നും വലിയ ആശ്വാസം ലഭിക്കും. ചില ഒറ്റപ്പെട്ടയിടങ്ങളിൽ ചെറിയ രീതിയിലുള്ള മഴ പെയ്തേക്കാമെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യത കുറവാണ്.


ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയായ 919.9 മില്ലീമീറ്ററും ഭേദിച്ച്, ഇതിനകം തന്നെ 1,100 മില്ലീമീറ്ററിലധികം മൺസൂൺ മഴയാണ് മുംബൈയിൽ പെയ്തത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, രത്നഗിരി, റായ്ഗഡ്, അലിബാഗ്, പാൽഘർ, ദഹാനു എന്നീ കൊങ്കൺ തീരദേശ മേഖലകളിലും മുംബൈയിലും മഴ ഗണ്യമായി കുറയുമെന്നാണ് പ്രവചനം. തുടർച്ചയായ കനത്ത മഴ സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളിൽ നിന്നും തകർച്ചകളിൽ നിന്നും ഈ മേഖലയ്ക്ക് തിരിച്ചുപിടിക്കാനുള്ള വലിയൊരു അവസരമായിരിക്കും ഈ വരണ്ട കാലാവസ്ഥ സമ്മാനിക്കുക.


അതേസമയം, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിൽ നിലവിലുള്ള കനത്ത മഴ പടിപടിയായി കുറഞ്ഞ് വരണ്ട കാലാവസ്ഥയിലേക്ക് മാറുമെങ്കിലും, രാജ്യതലസ്ഥാനമായ ഡൽഹിയിൽ വരും ദിവസങ്ങളിൽ മിതമായത് മുതൽ കനത്തതു വരെയുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മുംബൈയിലെ ജനജീവിതത്തെ പൂർണമായും സ്തംഭിപ്പിച്ചിരുന്നു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകുകയും പലതും റദ്ദാക്കുകയും ചെയ്തു. റൺവെയിലെ കാഴ്ചപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും ഇത് ബാധിച്ചു. നിരവധി വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. മുംബൈ-പുനെ എക്‌സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ കനത്ത മണ്ണിടിച്ചിലുണ്ടായതും സബ്‌വേകൾ വെള്ളത്തിനടിയിലായതും നഗരത്തിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് നഗരവാസികൾക്ക് ആശ്വാസമായി മഴ കുറയുമെന്ന പ്രവചനം പുറത്തുവരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home