ഓസ്‌കാർ ചിത്രം 'ഗോഡ്‌സില്ല മൈനസ് വണ്ണി'ന് രണ്ടാം ഭാഗം; 'ഗോഡ്‌സില്ല മൈനസ് സീറോ' ടീസർ പുറത്ത്

Photo: imax/Instagram/Screengrab Youtube
ടോക്കിയോ : ആഗോളതലത്തിൽ വൻ തരംഗം സൃഷ്ടിക്കുകയും ഓസ്‌കാർ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത ജാപ്പനീസ് ചിത്രം 'ഗോഡ്‌സില്ല മൈനസ് വണ്ണി'ന്റെ രണ്ടാം ഭാഗമായ 'ഗോഡ്‌സില്ല മൈനസ് സീറോ'യുടെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. പ്രശസ്ത സംവിധായകൻ തകാഷി യാമാസാക്കി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, പൂർണമായും ഐമാക്സ് ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ആദ്യ ജാപ്പനീസ് സിനിമയെന്ന ചരിത്രനേട്ടത്തോടെയാണ് എത്തുന്നത്.
ഗോഡ്‌സില്ല മൈനസ് വണ്ണി ന്റെ കഥ അവസാനിച്ചതിന് ശേഷമുള്ള രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഓപ്പറേഷൻ വാഡാ സുമി യിലൂടെ ഗോഡ്‌സില്ലയെ പരാജയപ്പെടുത്തിയ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന മുൻ കാമികാസെ പൈലറ്റ് കൊയിച്ചി ഷികിഷിമ, നൊറിക്കോ ഷികിഷിമ എന്നിവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാൽ ഇവരുടെ ജീവിതത്തെ വീണ്ടും തകിടം മറിച്ചുകൊണ്ട് ഗോഡ്‌സില്ല ജപ്പാനിൽ കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച് തിരിച്ചെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ടീസറിൽ ചിത്രത്തിലെ വൻ നാശനഷ്ടങ്ങളുടെയും വിഷ്വൽ എഫക്ട്സുകളുടെയും സൂചനകൾ നൽകുന്നുണ്ടെങ്കിലും കഥയുടെ പ്രധാന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആദ്യ ഭാഗത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത റിയുനോസുകെ കാമികി, മിനാമി ഹമാബെ, മുനേതാക ഓക്കി എന്നിവർ ഈ ചിത്രത്തിലും തങ്ങളുടെ കഥാപാത്രങ്ങളെ നിലനിർത്തുന്നുണ്ട്.
ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ് മേൽനോട്ടവും സംവിധായകൻ തകാഷി യാമാസാക്കി തന്നെയാണ് നിർവഹിക്കുന്നത്. ഷിറോഗുമി കമ്പനിയാണ് വിഎഫ്എക്സ് ഒരുക്കുന്നത്. ജപ്പാൻ, ന്യൂസിലാൻഡ്, നോർവേ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ 2026 നവംബർ 3ന് ജപ്പാനിലും, നവംബർ 6ന് യുഎസിലും തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റുകൾ വരും മാസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments