ലോർഡ്‌സിൽ ചരിത്രദിനം; ക്രിക്കറ്റിന്റെ മക്കയിൽ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം

Photo Credit:ICC
ലണ്ടൻ: ക്രിക്കറ്റിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന 'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോർഡ്‌സ് ഗ്രൗണ്ടിൽ ചരിത്രത്തിലാദ്യമായി ഒരു വനിതാ ടെസ്റ്റ് മത്സരം അരങ്ങേറുന്നു. 142 വർഷത്തെ ചരിത്രത്തിനിടയിൽ 150 പുരുഷ ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയായ ലോർഡ്‌സിൽ, ഒരു വനിതാ ടെസ്റ്റ് മത്സരം നടക്കാൻ 2026 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. നാളെ ഇന്ത്യൻ സമയം വൈകുന്നേരം 3:30 നാണ് മത്സരം ആരംഭിക്കുന്നത്
1787-ൽ സ്ഥാപിതമായ മെറിലബോൺ ക്രിക്കറ്റ് ക്ലബ്ബ് ദീർഘകാലം പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു എന്നത് കൂടി കണക്കിലെടുക്കുമ്പോൾ, ഈ ടെസ്റ്റ് മത്സരം വനിതാ ക്രിക്കറ്റിന്റെ വളർച്ചയിലെ വലിയൊരു നാഴികക്കല്ലാണ്.
ഈ വേദിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് ചരിത്രപരമായൊരു യാദൃശ്ചികത കൂടിയാണ്. 40 വർഷങ്ങൾക്ക് മുൻപ് 1986-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന ഡയാന എഡുൽജിയെയും സംഘത്തെയും ലോർഡ്‌സ് പവലിയനിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
അന്ന് എംസിസിയെ 'പുരുഷാധിപത്യത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിച്ച എഡുൽജിയുടെ ആ പഴയ പോരാട്ടത്തിന് പുതിയ മാനം നൽകിക്കൊണ്ട്, അതേ മൈതാനത്ത് ഒരു വനിതാ ടെസ്റ്റിൽ ഇന്ത്യ പങ്കാളികളാകുന്നത് വലിയൊരു മാറ്റത്തിന്റെ അടയാളമാണ്.
ട്വന്റി 20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ എത്തുന്ന ഇംഗ്ലണ്ട് ടീമിന് ഈ ടെസ്റ്റ് ഏറെ നിർണ്ണായകമാണ്. നതാഷ ഷിവർ-ബ്രണ്ട് നയിക്കുന്ന ഇംഗ്ലീഷ് ടീമിൽ നിരവധി പുതുമുഖങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന ടാമി ബ്യൂമോണ്ടിന് ഈ ടെസ്റ്റ് വൈകാരികമായ അനുഭവമായിരിക്കും.
മറുവശത്ത്, റെഡ്-ബോൾ ക്രിക്കറ്റിലെ മികച്ച റെക്കോർഡുകൾ കൈമുതലായുള്ള ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ്. സ്പിൻ ആക്രമണത്തിൽ മുൻതൂക്കം പുലർത്തുന്ന ഇന്ത്യൻ നിരയിൽ സ്നേഹ റാണയും എൻ ശ്രീ ചരണിയും നിർണ്ണായകമാകും.
ലോർഡ്‌സിലെ പിച്ചിലെ ചരിഞ്ഞ പ്രതലവും സ്വിംഗ് സാഹചര്യങ്ങളും പന്തെറിയുന്നവർക്ക് വലിയ വെല്ലുവിളിയാകും. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്, ലോകമെമ്പാടുമുള്ള കാണികളുടെ ശ്രദ്ധ ഈ മത്സരത്തിലുണ്ടാകുമെന്നുറപ്പാണ്.
കഴിഞ്ഞ വർഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വനിതാ ടെസ്റ്റിൽ 35,000-ത്തിലധികം കാണികൾ എത്തിയത് പോലെ, ലോർഡ്‌സിലെ കന്നിയങ്കത്തിലും സമാനമായ കാണികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.









0 comments