കാസര്‍കോട് ബെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്; ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

മര്‍ദ്ദനത്തില്‍ പരിക്കേറ്റ സല്‍മാനുല്‍ ഫാരിസ്
കാസർകോട്: ബെള്ളൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന്റെ പേരിൽ വിദ്യാർഥി ക്രൂരമർദ്ദനത്തിന് ഇരയായതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസ് ആണ് ആക്രമണത്തിന് ഇരയായത്. ഷർട്ടിന്റെ ബട്ടൺ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർഥിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
തല ഇരുമ്പ് ഗ്രില്ലിൽ ഇടിപ്പിക്കുകയും നെഞ്ചിൽ ആഞ്ഞ് ചവിട്ടുകയും ചെയ്തതായി സൽമാനുൽ പറഞ്ഞു. ആക്രമണത്തിൽ വിദ്യാർഥിയുടെ കാലിന്റെ മുട്ടിനും പരിക്കേറ്റു. ക്ലാസ് കഴിഞ്ഞശേഷം വെള്ളം കുടിക്കാനായി ബാഗിനടുത്തേക്ക് എത്തിയപ്പോഴാണ് സീനിയർ വിദ്യാർഥികൾ തന്നെ തടഞ്ഞതും മർദ്ദിച്ചതെന്നും വിദ്യാർഥി പറഞ്ഞു. ആദ്യം രണ്ട് വിദ്യാർഥികൾ വന്ന് ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെടുകയും അത് അനുസരിക്കാൻ കൂട്ടാക്കാത്തതോടെ മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് കൂടുതൽ പേർ കൂട്ടത്തോടെ എത്തി വളഞ്ഞിട്ട് ആക്രമിക്കുകയും ചവിട്ടുകയും ഇരുമ്പ് ഗ്രില്ലിൽ കൊണ്ടുപോയി തല ഇടിപ്പിക്കുകയുമായിരുന്നുവെന്ന് സൽമാനുൽ ഫാരിസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് ഷൂ ധരിച്ചതിനും ഇത്തരത്തിൽ റാഗിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സൽമാനുവൽ ഫാരിസ് പറഞ്ഞു.











0 comments