രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റ്; വിൻഡീസ് പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ വിൻഡീസിന്റെ അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവ്
ന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഫോളോ ഓൺ വഴങ്ങിയ വെസ്‌റ്റിൻഡീസ് രണ്ടാം ഇന്നിങ്‌സിൽ പൊരുതുന്നു. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്ണെടുത്തു. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ ഇനിയും 97 റൺകൂടി വേണം. ഒന്നാം ഇന്നിങ്‌സിൽ 248നാണ് പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന് 518 റണ്ണെടുത്ത് ഡിക്ലയർ ചെയ്‌തിരുന്നു.
സ്‌കോർ: ഇന്ത്യ 518/5 ഡിക്ല.; വെസ്‌റ്റിൻഡീസ് 248, 173/2.
ഒന്നാം ഇന്നിങ്‌സിൽ വിൻഡീസിന് പിടിച്ചുനിൽക്കാനായില്ല. അഞ്ച് വിക്കറ്റുമായി കുൽദീപ് യാദവ് ബാറ്റിങ് നിരയുടെ നടുവൊടിച്ചു. രവീന്ദ്ര ജഡേജ മൂന്നെണ്ണം നേടിയപ്പോൾ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഓരോന്ന് പങ്കിട്ടു.
നാലിന് 140 റണ്ണെന്ന നിലയിലാണ് മൂന്നാംദിനം വിൻഡീസ് തുടങ്ങിയത്. 36 റണ്ണെടുത്ത ഷായ് ഹോപിന്റെ വിക്കറ്റ് പിഴുത് കുൽദീപ് തുടക്കത്തിൽതന്നെ ആതിഥേയരെ സമ്മർദത്തിലാക്കി. വാലറ്റത്ത് ഖാരി പിയറിയും (23) ആൻഡേഴ്‌സൺ ഫിലിപ്പും (24) ചേർന്ന് 200 കടത്തുകയായിരുന്നു.
270 റൺ ലീഡ് കിട്ടിയ ഇന്ത്യ വിൻഡീസിനെ വീണ്ടും ബാറ്റ് ചെയ്യാൻ വിടുകയായിരുന്നു. ഫോളോ ഓൺ വഴങ്ങി വീണ്ടും ബാറ്റെടുത്ത വിൻഡീസ് ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. 87 റണ്ണുമായി ജോൺ കാംബെലും 66 റണ്ണോടെ ഷായ് ഹോപുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ 138 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.










0 comments