ad
Deshabhimani

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു; വിടവാങ്ങിയത് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

garrysobers
വെബ് ഡെസ്ക്

Published on Jul 17, 2026, 09:52 PM | 1 min read

ലണ്ടൻ : വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും മികച്ച ഓൾറൗണ്ടറുമാണ് വിടവാങ്ങിയത്.


വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഗാരി സോബേഴ്‌സ്. 1954 ൽ തന്റെ 17-ാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 20 വർഷക്കാലത്തെ കരിയറിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹം കളിച്ചു.


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡും ഗാരി സോബേഴ്‌സിന് സ്വന്തം. 1954നും 1974നും ഇടയിൽ വെസ്റ്റ് ഇൻഡീസിനായി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത സോബേഴ്സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറാണ്. കരീബിയൻ ടീമിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 57.78 എന്ന തകർപ്പൻ ശരാശരിയിൽ 8,032 റൺസും ഈ ഇടംകൈയ്യൻ ബാറ്റർ അടിച്ചുകൂട്ടി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് 36 വർഷക്കാലം ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ ലോക റെക്കോർഡ് പിന്നീട് 1994-ൽ വെസ്റ്റ് ഇൻഡീസിന്റെ തന്നെ ബ്രയാൻ ലാറയാണ് തകർത്തത്. 1965 മുതൽ 1972 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം തിളങ്ങി. 1975-ൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് ‘നൈറ്റ്ഹുഡ്’ (സർ പദവി) നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home