print edition മുന്നറിയിപ്പുണ്ടായിട്ടും മൺകൂന മാറ്റാതിരുന്നത് കുറ്റകൃത്യം; കള്ളാടി മണ്ണിടിച്ചിലിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: വയനാട് മേപ്പാടി കള്ളാടിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. പാലത്തിനടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി തയാറായില്ലെന്നും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. അശ്രദ്ധമൂലമുള്ള മരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കും.
പൊതുമരാമത്തുവകുപ്പിനും കരാർ കമ്പനിക്കും ഗുരുതരവീഴ്ചയുണ്ട്. കമ്പനി വ്യവസ്ഥകൾ പാലിച്ചോയെന്ന് വകുപ്പ് പരിശോധിച്ചില്ല. കമ്പനിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി വേണം. സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ തുരങ്കപാത നിർമാണം നിർത്തിവയ്‌ക്കണം. മനുഷ്യനിർമിതമായ ഒരുലക്ഷം ക്യുബിക് മീറ്റർ മൺകൂനയാണ് തകർന്നൊലിച്ചത്. പ്രശ്നം മുൻകൂട്ടി അറിയിച്ചെങ്കിലും പരിസ്ഥിതി അനുമതിയുടെ പേരിൽ സംസ്ഥാന അതോറിറ്റി ഫയൽ മടക്കി. ഇത് നിയമലംഘനമാണ്. ദുരന്തസാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ അധികാരമുണ്ടെന്നിരിക്കെ ഒഴിഞ്ഞുമാറി. മൺകൂന മാറ്റാതിരുന്നതിൽ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്തു.
നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലം നിശ്ചയിച്ചിരുന്നെങ്കിലും കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ അത് പാലിച്ചില്ല. തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കിയില്ല.
പൊതുമരാമത്തുവകുപ്പുമായിട്ടാണ് പദ്ധതിയുടെ കരാർ. വ്യവസ്ഥകൾ പാലിച്ചോയെന്ന് പരിശോധിക്കേണ്ടതും വകുപ്പാണ്. പരിസ്ഥിതിലോലപ്രദേശത്ത് കരാർ നൽകുമ്പോൾ പരിശോധന അനിവാര്യമാണ്.
ഇത്തരം പദ്ധതികൾക്ക് ‘ഡിസാസ്റ്റർ ഇംപാക്ട് അസസ്‌മെന്റ്' നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതുൾപ്പെടെ, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കിയതായി സർക്കാർ അറിയിച്ചു. അമിക്കസ് ക്യൂറി റിപ്പോർട്ടിലടക്കം മറുപടി നൽകാൻ നിർദേശിച്ച് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 24ലേക്ക് മാറ്റി.










0 comments