ആശുപത്രി മുറ്റത്ത് നിറഞ്ഞൊഴുകി കക്കൂസ് മാലിന്യം ചികിത്സയ്‌ക്ക് എത്തിയതാണോ... രോഗം പിടിപെടും

പുൽപ്പള്ളി രോഗം ഭേദമാക്കാൻ എത്തുന്നവർക്ക് രോഗം പിടിപെടും. പുൽപ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലാണ് ഇൗ അവസ്ഥ. ആശുപത്രി മുറ്റത്ത് കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. രോഗികളും കൂട്ടിരിപ്പുകാരും ഇതിൽ ചവിട്ടിയാണ് ആശുപത്രിയിലെത്തുന്നത്. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയുടെ സ്ഥിതിയാണിത്. അത്യാഹിത വിഭാഗത്തിന് മുന്നിലാണ് മാലിന്യം കെട്ടിനിൽക്കുന്നത്. രോഗികളുമായി എത്തുന്ന വാഹനങ്ങൾ നിർത്തുന്നതും ഇവിടെയാണ്. മലിനജലത്തിൽ ചവിട്ടി നടക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത ഏറെയാണ്. പ്രദേശത്താകെ അസഹനീയമായ ദുർഗന്ധവുമാണ്. ഒരുമാസംമുമ്പ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ടാങ്ക് വൃത്തിയാക്കിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും പഴയ അവസ്ഥയിലാവുകയായിരുന്നു. ദിവസങ്ങളായി ആശുപത്രി മുറ്റമാകെ മലിനജലം നിറഞ്ഞ് ദുർഗന്ധം പരന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി. എന്നാൽ, ആശുപത്രിയുടെ ഒരു കാര്യത്തിലും ബ്ലോക്ക് പഞ്ചായത്ത് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.











0 comments