അവഹേളനത്തിനെതിരെ കെഎസ്എഫ്ഇ വനിതാ ജീവനക്കാരുടെ ധർണ

ആലപ്പുഴ
വനിത ജീവനക്കാരെ അപമാനിച്ച് കെഎസ്എഫ്ഇ യിലെ കോൺഗ്രസ് അനുകൂല സംഘടന എഫ്ഇഇഎ മാനേജിങ്ങ് ഡയറക്‌ടർക്ക് നൽകിയ കത്ത് പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി. കെഎസ്എഫ്ഇ സ്‌റ്റാഫ് അസോസിയേഷൻ സിഐടിയു, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റികൾ ആലപ്പുഴ മേഖലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വനിതാ ജീവനക്കാരുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന നിലപാട് മാനേജ്മെന്റ് സ്വീകരിക്കണമെന്നും അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ചട്ടങ്ങൾക്ക് വിരുദ്ധമായി ദൂരങ്ങളിലേക്ക് സ്ഥലംമാറ്റി ദ്രോഹിക്കുന്നതിൽനിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്നും സ്‌റ്റാഫ് അസോസിയേഷനും ഓഫീസേഴ്‌സ് യൂണിയനും ആവശ്യപ്പെട്ടു. വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ നീറ്റ എസ് ആനന്ദ് അധ്യക്ഷയായി. ഓഫീസേഴ്സ് യൂണിയൻ വനിതാ സബ്കമ്മിറ്റി ചെയർപേഴ്സൺ പി മിനിഷ, സ്‌റ്റാഫ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് ആർ ഷീജ, സംസ്ഥാന കമ്മിറ്റി അംഗം രശ്‌മി എസ് ബാലൻ, എം എ സനിത എന്നിവർ സംസാരിച്ചു.










0 comments