"പാഠം ഒന്ന്.. തൈനടീൽ' ജൈവ പച്ചക്കറികൃഷിക്ക് തുടക്കമായി

മുഹമ്മ
മുഹമ്മ എ ബി വിലാസം എച്ച്എസ്എസിൽ "പാഠം ഒന്ന്.. പാടത്തേക്ക്' ഓണക്കാല ജൈവപച്ചക്കറി കൃഷിയുടെ തൈനടീൽ തുടങ്ങി. തുള്ളിനന സംവിധാനത്തിൽ ഒന്നേകാൽ ഏക്കറിൽ 13 ഇനം പച്ചക്കറികളാണ് കൃഷിചെയ്യുക. ചെണ്ടുമല്ലി, ചെത്തിപ്പൂവ് കൃഷിയും ചെയ്‌തു വരുന്നു. നെല്ലും മീനും അടുത്തഘട്ടത്തിൽ കൃഷി ചെയ്യും. വെണ്ട, വഴുതന, വെള്ളരി, മത്തൻ, കുമ്പളം, പയർ, പീച്ചിൽ, കുക്കുമ്പർ, ചീര, തക്കാളി, പടവലം, പച്ചമുളക് എന്നിവയ്‌ക്കൊപ്പം തണ്ണിമത്തനും വിളയിക്കും. സംസ്ഥാന കർഷക അവാർഡ് ജേതാവും പിടിഎ അംഗവുമായ കെ പി ശുഭകേശനാണ് കൃഷിയുടെ മേൽനോട്ടം. അധ്യാപിക എസ് ജയലക്ഷ്മി കൺവീനറായ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്‌പിസി, എൻസിസി, എൻഎസ്എസ്, റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് യൂണിറ്റുകളിലെ കുട്ടികളാണ് കൃഷി പരിചരണം നടത്തുക. വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികൾക്ക് സ്കൂൾ ഉച്ചഭക്ഷണത്തിനായി നൽകും. മിച്ചമുള്ളവ രക്ഷകർത്താകൾക്കും പൊതുജനങ്ങൾക്കും വിൽക്കും. കഴിഞ്ഞവർഷത്തെ പച്ചക്കറി കൃഷിക്ക് അക്ഷയശ്രീ പുരസ്‌കാരവും കൃഷിവകുപ്പിന്റെ സഹായവും ലഭിച്ചിരുന്നു. കുട്ടിത്തോട്ടത്തിൽ നിന്നും വിത്തുകൾ ശേഖരിച്ച് കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യാനായും നൽകി. തൈനടീൽ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ വി പി സിന്ധു തൈനടീൽ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യാനുള്ള വിത്ത് കൃഷി ഓഫീസർ പി എം കൃഷ്ണ വിതരണംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ടി റെജി, ദേവസ്വം സെക്രട്ടറി സി എ കുഞ്ഞുമോൻ, എംപിടിഎ പ്രസിഡന്റ് നിഷ പ്രദീപ്, കർഷകൻ കെ പി ശുഭകേശൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി ടി പി സരിത, കൺവീനർ എസ് ജയലക്ഷ്മി എന്നിവർ സംസാരിച്ചു.











0 comments