print edition കേരള വഖഫ് ബോർഡിനെതിരെ സർക്കാർ; സംഘപരിവാർ പാദസേവ: പ്രതിപക്ഷ നേതാവ്

പിണറായി വിജയൻ, വി ഡി സതീശൻ

സ്വന്തം ലേഖകൻ
Published on Jul 18, 2026, 02:07 AM | 1 min read
തിരുവനന്തപുരം: കേരള വഖഫ് ബോർഡിനെതിരായ ബിജെപിയുടെ ഹര്‍ജിയെ ഹൈക്കോടതിയിൽ പിന്തുണച്ച യുഡിഎഫ് സർക്കാർ സംഘപരിവാരിന് സന്പൂർണമായി കീഴടങ്ങി പാദസേവ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമ ഭേദഗതിയിലൂടെ അമുസ്ലിങ്ങളെ ബോർഡിൽ തിരുകിക്കയറ്റാനുള്ള കേന്ദ്ര നിലപാടിനെ എൽഡിഎഫ് സർക്കാർ ശക്തമായി ചെറുത്തിരുന്നു. എന്നാൽ നിയമം കേരളത്തിൽ അതേപടി നടപ്പാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ജനങ്ങളെ മതപരമായും വര്‍ഗീയമായും വിഭജിക്കുന്ന സംഘപരിവാര്‍ അജൻഡയുടെ ഉല്‍പ്പന്നമാണ് കേന്ദ്രനിയമം. ഇത് നടപ്പാക്കുന്നത് അപമാനകരവും ലജ്ജാകരവുമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് നടത്തിയ രാഷ്‌ട്രീയ ഡീല്‍ ആരോപണം യുഡിഎഫ-് സർക്കാരിന് തന്നെയാണ് ചേരുന്നത്.
2026 ഫെബ്രുവരിയിലാണ് സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രനിയമമനുസരിച്ച് ബോര്‍ഡില്‍ രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന വാശിയാണ് സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അമുസ്ലീങ്ങളെ ബോര്‍ഡിലുള്‍പ്പെടുത്തിയത്. അതേവഴിക്കാണ് യുഡിഎഫ് സർക്കാരും. മുസ്ലിങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാതെ എന്തിനായിരുന്നു ധൃതി. ന്യൂനപക്ഷങ്ങളോടും ജനങ്ങളോടുമുള്ള വഞ്ചനയാ്ണിത്. നിയമ ഭേദഗതിക്കെതിരെ ലീഗും സുപ്രീംകോടതിയ സമീപിച്ചിട്ടുണ്ട്. പക്ഷേ, ലീഗ് മന്ത്രി വഖഫ് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ പ്രഖ്യാപിത നയത്തിനെതിരായ നിലപാടെടുത്തത് വിരോധാഭാസമാണ്. ലീഗ് നോമിനിയായ സ്‌പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി എം സനീറാണ് കോടതിയിൽ റിപ്പോർട്ട് നല്‍കിയത്. അഡ്വക്കേറ്റ് ജനറലും ഇതേ നിലപാട് സ്വീകരിച്ചു.
നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നപ്പോൾ പിന്തുണച്ചവരാണ് കോൺഗ്രസും ലീഗും. എന്നിട്ടും അതേനിയമം നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നു. ബില്ലിനെതിരെ ലോക്‌സഭയില്‍ നിലപാടെടുത്ത കെ സി വേണുഗോപാലും അവഗണിക്കപ്പെട്ടു –പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.











0 comments