ad
Deshabhimani

പ്രതികളെ കസ്റ്റഡിയിൽ എടുത്തത്‌ വടിവാളുകളുമായി

സ്റ്റേഷനിൽ സിഐയുടെ പരാക്രമം; 
അക്രമികളെ വിട്ടയച്ച്‌ പൊലീസ്‌

akramam

സിഐ യഹിയയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക്‌ ഹാജരാക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 12:09 AM | 1 min read

നെടുമങ്ങാട്

മാരകായുധങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമിസംഘത്തെ മദ്യപിച്ചെത്തിയ എസ്‌സിആർബി സിഐ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു. ബന്ധുക്കളായ പ്രതികൾക്കുവേണ്ടി സ്റ്റേഷനിൽ സിഐ നടത്തിയത് മണിക്കൂറുകൾ നീണ്ട പരാക്രമം. പെറ്റിക്കേസ്‌ ചുമത്തി അക്രമികളെയും സിഐയെയും രഹസ്യമായി പൊലീസ് വിട്ടയച്ചു. നെടുമങ്ങാട് പൊലീസ്‌ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴം അർധരാത്രിയോടെ പനവൂർ സ്വദേശികളായ അൽരാജ്, അൽത്താഫ്, അരുൺ, മുഹമ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ പനവൂരിൽ കറങ്ങിനടക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ സിഐ എച്ച് യഹിയ സഹോദരങ്ങളുടെ മക്കളായിരുന്നു. ഇവരടക്കമുള്ള പ്രതികളെയാണ്‌ യഹിയ സ്റ്റേഷനിലെത്തി മോചിപ്പിച്ചത്. വൈരാഗ്യമുള്ള ചിലരെ മാരകായുധങ്ങളുമായി ആക്രമിക്കലായിരുന്നു ലക്ഷ്യം. ഇവർക്കെതിരെ എഫ്ഐആർ തയ്യാറാക്കാൻ വെള്ളി ഉച്ചയോടെ പൊലീസ് നടപടി ആരംഭിച്ചു. കേസെടുക്കരുതെന്നും മോചിപ്പിക്കണമെന്നും യഹിയ ഫോണിലൂടെ നെടുമങ്ങാട് സിഐയോടും എസ്ഐയോടും ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടർന്ന്‌ ഇയാൾ നേരിട്ടെത്തി. മദ്യലഹരിയിലായിരുന്നു വരവ്. സെല്ലിൽ കിടക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബഹളംവച്ചു. എഫ്ഐആർ സ്റ്റേറ്റ്മെന്റ് വലിച്ചുകീറി. പ്രതികളെ വിട്ടയക്കാൻ പൊലീസ് കൂട്ടാക്കാത്തതോടെ സിഐയെയും എസ്ഐയെയും ചീത്തവിളി ആരംഭിച്ചു. സെല്ലിലേക്ക്‌ കടന്ന്‌ പരാക്രമം അതിരുവിട്ടതോടെ സിഐയും എസ്‌ഐയും പ്രതികളെ മോചിപ്പിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന ‘ആയുധങ്ങളെ ക്രിക്കറ്റ് ബാറ്റുകളും സ്റ്റമ്പുകളും’ ആക്കി എഫ്‌ഐആർ മാറ്റിയെഴുതി. സംഭവം പെറ്റിക്കേസിലൊതുക്കി. യഹിയയുടെ പരാക്രമം നാട്ടുകാർ അറിഞ്ഞതിനാൽ ഇയാളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതിനാൽ അതിനുമാത്രം കേസെടുത്ത് വിട്ടയച്ചു. പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ എസ് ലിജു സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home