പട്ടം പറന്നു, രാജ്യാതിർത്തികൾക്ക് അപ്പുറത്തേക്ക്

ഷാഹിർ മണ്ണിങ്ങലും ഭാര്യ ഷെറിൻ അലിയും
തിരൂർ
കാണികളെ ആവേശത്തിലാഴ്‌ത്തി പാറിപ്പറക്കുന്ന പട്ടങ്ങൾക്കുതാഴെ നൂലറ്റവുമായി മലപ്പുറത്തെ ദമ്പതികളുണ്ട്. തിരൂർ സ്വദേശികളായ ഷാഹിർ മണ്ണിങ്ങലും ഭാര്യ ഷെറിൻ അലിയുമാണ് പട്ടംപറത്തലുമായി രാജ്യാതിർത്തികൾ താണ്ടുന്നത്. തിരൂരിലെ കൊയ്ത്തുകഴിഞ്ഞ വയലുകളിൽ കടലാസുപട്ടം പറത്തുന്ന കുട്ടിക്കാല ഓർമകളുമായാണ് ഷാഹിറിന്റെ തുടക്കം. ഭർത്താവിനൊപ്പം പിന്തുണയുമായി ഷെറിൻ അലിയും എത്തി. 2007ൽ മലേഷ്യയിൽ ജോലിയാവശ്യാർഥം എത്തിയപ്പോഴാണ് പട്ടംപറത്തൽ വെറും കളിയല്ലെന്ന് ഷാഹിർ മനസ്സിലാക്കിയത്. തുടർന്ന് മൂന്നുവർഷം പരിശീലനംനേടി. നാട്ടിൽ തിരിച്ചെത്തി പട്ടംപറത്തൽ ഔദ്യോഗിക സംഘടനയായ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ ഭാഗമായി. പിന്നീടിങ്ങോട്ട് നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. ഭാര്യ ഷെറിനും ഇതിന്റെ ഭാഗമായി. ചൈന, സൗത്ത് കൊറിയ, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക, യുഎഇ, ഫ്രാൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പട്ടംപറത്തി. പട്ടങ്ങൾ ഡിസൈൻചെയ്യുന്നത് ഷെറിനാണ്. നിലവിൽ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ അന്താരാഷ്‌ട്ര കോ ഓർഡിനേറ്ററാണ് ഷാഹിർ. അമേരിക്കൻ കൈറ്റ് ഫ്ലൈയേഴ്സ് അസോസിയേഷൻ, സൗത്ത് കൊറിയയിലെ ഏഷ്യാ ഫെസ്റ്റിവൽ അസോസിയേഷൻ എന്നിവയിലും അംഗമാണ്. ജനുവരിയിൽ ഗുജറാത്തിലെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തു. ഏപ്രിലിൽ ഫ്രാൻസിലെ ഡർക്കിലും മെയിൽ റീ യൂണിയൻ ഐലന്റിലും ജൂണിൽ സ്പെയിനിലും പട്ടംപറത്തി. വരും മാസങ്ങളിൽ ശ്രീലങ്ക, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.











0 comments