print edition വന്ദേമാതരംമുതൽ വഖഫ്‌വരെ; ആർഎസ്‌എസ് അജൻഡയ്‌ക്ക് കുടപിടിച്ച് ലീഗ്

പി വി ജീജോ
Published on Jul 18, 2026, 01:50 AM | 1 min read
കോഴിക്കോട്: വി ഡി സതീശൻ സർക്കാരിന്റെ സംഘപരിവാർ പ്രീണനനയത്തിൽ മുസ്ലിംലീഗ് തുടരുന്ന മൗനം ചർച്ചയാകുന്നു. പ്രതിഷേധത്തിനുപോയിട്ട് പ്രതികരണത്തിനുകൂടി തയ്യാറാകാതെ, സംഘിവൽക്കരണത്തിന് ലീഗ് കുടപിടിക്കുന്നെന്ന വിമർശം ശക്തമായി. വഖഫ് ബോർഡ് നിയമഭഭേദഗതിയെ പിന്തുണച്ച് ബിജെപി നയം നടപ്പാക്കാനുള്ള സർക്കാർ നിലപാടിൽ സമുദായ സംഘടനകളടക്കം എതിർപ്പിലാണ്. എന്നാൽ ലീഗിന് അനക്കമില്ല.
സാങ്കേതികത്വം പറഞ്ഞ്, ബിജെപി നയം അംഗീകരിച്ചതിനെ ന്യായീകരിച്ച് വശംകെടുകയാണ് ലീഗ്. പല നേതാക്കൾക്കും വ്യത്യസ്‌താഭിപ്രായമുണ്ട്. ശനിയാഴ്‌ചത്തെ സംസ്ഥാന പ്രവർത്തകസമിതിയിൽ പറയാനുള്ള നീക്കത്തിലാണിവർ. എന്നാൽ, അഭിപ്രായം പറയാനും ചർച്ചയ്‌ക്കും യോഗത്തിൽ അവസരമുണ്ടാകുമോയെന്നതിലും സംശയു മുണ്ട്.
ആർഎസ്‌എസ് പ്രീണനമെന്നത് ആരോപണമായി തള്ളാനാവാത്തവിധം ഭരണത്തിൽ പ്രകടമാണ്. സർക്കാർ അധികാരമേറ്റ് രണ്ടുമാസം ആകുന്പോൾ ആർഎസ്‌എസ് അനുകൂല തീരുമാനങ്ങളുടെ പരന്പരയ്‌ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. സത്യപ്രതിജ്ഞയിൽ വന്ദേമാതരം സന്പൂർണമായി പാടിയായിരുന്നു തുടക്കം.
ഗവർണറുടെ അഭിഭാഷകനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചപ്പോഴും ലീഗിന് മിണ്ടാട്ടമുണ്ടായില്ല. അതേ അഡ്വക്കറ്റ് ജനറലാണ് കഴിഞ്ഞ ദിവസം വഖഫിലെ കേന്ദ്രനിയമത്തെ സംസ്ഥാനം പിന്തുണയ്‌ക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചത്.
സര്‍ക്കാരിനും ബിജെപിക്കും ഒരേ നയമെന്ന് പിഡിപി
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങൾ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ ആസൂത്രിതമായി സംഘടിപ്പിച്ചെടുത്തതാണെന്ന് പിഡിപി സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബോര്‍ഡിനെതിരെ വിവിധ ഹർജികള്‍ കോടതിയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയത് മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിംലീഗ് നേതൃത്വവും സംഘപരിവാര്‍ നേതാക്കളും ചേർന്നാണ്. വഖഫ് ബോര്‍ഡിന്റെ നിലനില്‍പ്പ് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചവരുടെ വാദങ്ങള്‍തന്നെയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലും കോടതിയിൽ അവതരിപ്പിച്ചത്. ഇത് ഗൂഢാലോചന തുറന്നുകാട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി എം അലിയാര്‍, മുഹമ്മദ് റജീബ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി എ മുജീബ് റഹ്മാന്‍, അഷറഫ് വാഴക്കാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.











0 comments