print edition പ്രത്യേക സാന്പത്തിക മേഖലയ്‌ക്കുപുറത്തെ മത്സ്യബന്ധനം തിരിച്ചടിയാകും; മത്സ്യമേഖലയിൽ ആശങ്ക

കൊല്ലം: പ്രത്യേക സാന്പത്തിക മേഖല (സ്‌പെഷ്യൽ ഇക്കണോമിക് സോൺ)യ്‌ക്ക് പുറത്തുനിന്ന് മീൻപിടിക്കാൻ വൻകിട യാനങ്ങൾക്ക് അനുമതി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം കേരളത്തിന്റെ മത്സ്യവ്യവസായ, കയറ്റുമതി മേഖലയ്‌ക്കും പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കും തിരിച്ചടിയാകും. നീല സന്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കണോമി) നയത്തിന്റെ ഭാഗമായി വ്യാവസായിക അടിസ്ഥാനത്തിൽ മീൻ പിടിക്കാനുള്ള അനുമതി 25 മീറ്ററിനുമുകളിൽ നീളമുള്ള യാനങ്ങൾക്കാണ് നൽകിയത്. ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന കൂറ്റൻ വിദേശ ട്രോളറുകൾക്ക് രാജ്യപരിധിയിലുള്ള 200 നോട്ടിക്കൽ മൈലിലെ അകത്തേക്കും കടന്നുകയറാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് പുറത്ത് നിന്ന് വൻകിട യാനങ്ങൾ വൻതോതിൽ മത്സ്യബന്ധനം നടത്തുന്നതോടെ രാജ്യാതിർത്തിക്കുള്ളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മീനിന്റെ ലഭ്യത കുറയും. രാജ്യത്തെ വൻകിട കന്പനികളുടെ,സംസ്‌കരണ, ശീതികരണശേഷിയടക്കമുള്ള കൂറ്റൻ കപ്പലുകൾ പിടിക്കുന്ന മത്സ്യം കടലിൽതന്നെ കുത്തക കയറ്റുമതിക്കാരുടെ കപ്പലുകളിലേക്ക് മാറ്റാനുള്ള ഗൂഢലക്ഷ്യവും ഇന്ത്യൻ ഓഷ്യൻ ട്യൂണ കമീഷൻ തീരുമാനത്തിന് പിന്നിലുണ്ട്. ഇത്തരത്തിൽ കേരളത്തെ തൊടാതെ തന്നെ മത്സ്യസന്പത്ത് വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നത് മത്സ്യവ്യവസായ, കയറ്റുമതി മേഖലയെ പൂർണമായി തകർക്കും.
കൊല്ലം, കൊച്ചി, മുനമ്പം, ബേപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള നാല് യാനത്തിനാണ് കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയത്. സംസ്ഥാനത്ത് 25 മീറ്ററിന് മുകളിലുള്ള യാനങ്ങൾ 750 എണ്ണം മാത്രമാണ്. ശേഷിക്കുന്ന ആയിരക്കണക്കിന് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മീൻപിടിത്തത്തിനുള്ള അനുമതി നിഷേധിക്കും.











0 comments