സീപോർട്ട്–എയർപോർട്ട് റോഡ്
സംരക്ഷണഭിത്തി നിർമാണത്തിൽ അപാകം; വാഹനാപകടം പതിവാകുന്നു

സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്റർ ഭാഗത്ത് മെട്രോ സംരക്ഷണഭിത്തി നിർമാണത്തിനായി എടുത്ത കുഴിയിലകപ്പെട്ട കാർ
കാക്കനാട്
സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്റർ ഭാഗത്ത് മെട്രോ റെയിൽ സംരക്ഷണഭിത്തി നിർമാണത്തിലെ അപാകത്തെത്തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു. നിർമാണത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപ്പോകാൻ എടുത്ത കുഴി സുരക്ഷിതമായി മൂടാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.
കഴിഞ്ഞ വെള്ളി വൈകിട്ട് നാലോടെ ഇതുവഴി വന്ന കാർ കുഴിയിൽ വീണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പിന്നീട് വലിയ വാഹനത്തിൽ കെട്ടിവലിച്ചാണ് കാർ പുറത്തെടുത്തത്. സീപോർട്ട്–എയർപോർട്ട് റോഡിലെ കടുത്ത ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ സെസിന് സമീപത്തുകൂടി ടിവി സെന്റർ ജങ്ഷനിലെത്താൻ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
വീതി കുറഞ്ഞ ഈ ഭാഗത്ത് മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് വാഹനങ്ങൾ തുറന്നുകിടക്കുന്ന കുഴിയിലേക്ക് വീഴുന്നത്. കാന മൂടാത്തതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. കാനയുടെ വശങ്ങൾ കൃത്യമായി നിർമിച്ച് സ്ലാബിട്ട് മൂടിയാൽ അപകടസാധ്യതയും വെള്ളക്കെട്ടും ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു.











0 comments