print edition വഖഫ് ഭേദഗതി നിയമം: കേരളത്തിന്റെ നിലപാടിന് തുരങ്കംവച്ച് യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Jul 18, 2026, 01:55 AM | 2 min read
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് തുരങ്കംവെച്ച് യുഡിഎഫ് സർക്കാർ. ഹൈക്കോടതിയിൽ കേന്ദ്രനിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതോടെ ഭേദഗതിയെ എതിർത്ത് സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ നൽകിയ അപേക്ഷ ഫലത്തിൽ റദ്ദാക്കപ്പെടും.
പുതിയ നിയമത്തിന്റെ സെക്ഷൻ 14 പ്രകാരം അമുസ്‌ലീങ്ങളെ ബോർഡിൽ നിയമിക്കുന്നത് ഭരണഘടനയുടെ 14,25,26 വകുപ്പുകൾ പ്രകാരമുള്ള മൗലീകാവകാശങ്ങളുടെ ലംഘനമാണന്നായിരുന്നു എൽഡിഎഫ് നിലപാട്. മതവിശ്വാസത്തിനും സ്വന്തം സ്വത്ത് നിയന്ത്രിക്കാനുള്ള അവകാശത്തിനും ഇവ എതിരാണ്. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കേണ്ടത് ആ സമുദായമാണ്. മുസ്‌ലിം പ്രാതിനിധ്യം ബോർഡിൽ ന്യൂനപക്ഷമായേക്കാം – അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി ആവശ്യത്തെ ഹൈക്കോടതിയിൽ പരസ്യമായി പിന്തുണച്ച യുഡിഎ-ഫ് സർക്കാർ, കേന്ദ്രനിയമം അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ സുപ്രീംകോടതിയിൽ ഭേദഗതിയെ എതിർക്കാൻ ഇനി കഴിയില്ല. ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാട് അതേകേസിൽ സുപ്രീംകോടതിയിൽ സ്വീകരിക്കാനാകില്ലെന്നും അപേക്ഷ ഇനി നിലനിൽക്കില്ലെന്നും നിയമവൃത്തങ്ങൾ പറഞ്ഞു.
ഹൈക്കോടതിയിൽ ബിജെപി നേതാവിന്റെ ഹർജിയെ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാക്കാൽ പിന്തുണച്ചതും രാഷ്‌ട്രീയ നീക്കുപോക്കിലേയ്‌ക്ക് വിരൽ ചൂണ്ടുന്നു.
കേന്ദ്രനിയമം അംഗീകരിക്കാമെന്നും ഹർജി തള്ളണമെന്നും രേഖാമൂലം സർക്കാർ എഴുതി നൽകിയതിന് കടകവിരുദ്ധമാണ് സംഘപരിവാർ സഹയാത്രികനെന്ന് വിമർശനമുയർന്ന എജിയുടെ നടപടി. സുപ്രീംകോടതിയിൽ സമുദായത്തിന്റെ അവകാശങ്ങൾ കവരാനുള്ള നീക്കമാണെന്ന് ഹർജി നൽകിയ മുസ്‌ലിം ലീഗും കരണംമറിച്ചിലിൽ വിശദീകരണം നൽകേണ്ടിവരും.
ന്യായീകരിച്ച് ലീഗ്
മലപ്പുറം: ബിജെപിയുടെ അജണ്ടയനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ച സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് മുസ്ലിം ലീഗ്. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമാനുസൃതമല്ലെന്ന് കോടതിയാണ് പറഞ്ഞത്. രണ്ട് അമുസ്ലീമുകളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പി എം എ സലാം പറഞ്ഞു. ന്യൂനപക്ഷ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
യുഡിഎഫ് – ബിജെപി ഒത്തുകളി: സമസ്‌ത
കോഴിക്കോട് : വഖഫ് ബോർഡ് വിഷയത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. സർക്കാർ ബിജെപിയുമായി ഒത്തുകളിച്ചെന്ന് സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു. ഹൈക്കോടതിയിൽ ബിജെപി വാദത്തെ സർക്കാർ പിന്തുണച്ചത് ശരിയല്ല. വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സർക്കാരിന് തന്നെ നികത്താമായിരുന്നു. അത് സർക്കാരിന്റെ അധികാരത്തിൽപ്പെട്ടതാണ് – വഖഫ് ബോർഡംഗം കൂടിയായ ഉമർഫൈസി പറഞ്ഞു.
മുസ്ലിംലീഗിന് സമുദായ താൽപ്പര്യമില്ല, അഞ്ച് മന്ത്രിമാർ ആറാകണമെന്ന താൽപ്പര്യമേയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു.
സമുദായ താൽപ്പര്യമുണ്ടെങ്കിൽ എങ്ങനെ ബിജെപിക്കൊപ്പം കൂടുമെന്നും വോട്ട് തരുന്നവർ ഇതെല്ലാം കാണുമെന്ന ജാള്യംപോലും ലീഗിനില്ലെന്നും ഉമർ ഫൈസി വാർത്താ ചാനലിനോട് പറഞ്ഞു.











0 comments