നിർമൽ കൃഷ്‌ണ നിക്ഷേപത്തട്ടിപ്പ്
സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് ബിജെപി നേതൃത്വമെന്ന്

തിരുവനന്തപുരം
വിവാദമായ നിർമൽ കൃഷ്‌ണ നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷണം തടസ്സപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന ആരോപണവുമായി ഇരകൾ രംഗത്തെത്തി. ഇരകൾ നൽകിയ പരാതിയും തെളിവുകളും നേതൃത്വം മുക്കി. തട്ടിപ്പിലെ പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചത് ബിജെപി നേതാക്കളാണെന്നും മൂന്നുമാസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ഇടപെട്ട നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും നിർമൽ കൃഷ്‌ണ നിക്ഷേപ സംരക്ഷണസമിതി പ്രസിഡന്റ് എസ് എം നായർ വ്യക്തമാക്കി. കേന്ദ്രമന്ത്രിയായിരിക്കുന്പോൾ വി മുരളീധരനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിനും തെളിവടങ്ങിയ ഫയൽ കൈമാറിയിരുന്നു. സിബിഐ അന്വേഷണത്തിനായി ഇടപെടാമെന്ന് മുരളീധരൻ വാക്കും നൽകി. ഒരുമാസത്തോളം ഫയൽ മാരാർജി ഭവനിൽ കിടന്നു. കേസിലെ മുഖ്യപ്രതിയും ബിജെപി നേതാവുമായ വേണു സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം മുടക്കിയതെന്നും എസ് എം നായർ പറഞ്ഞു. 2017ലാണ് കന്യാകുമാരി ജില്ലയിൽ കേരള അതിർത്തിയിലുള്ള നിർമൽ കൃഷ്ണ ബാങ്ക് പൂട്ടി ഉടമ നിർമലൻ 1000 കോടിയോളം രൂപയുമായി മുങ്ങിയത്. മലയാളികളുൾപ്പെടെ പതിനായിരത്തിലേറെ നിക്ഷേപകർ വഞ്ചിതരായി. കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് 2025ൽ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു.











0 comments