print edition നീറ്റ് 2026: ഇനിയാണ് ശ്രദ്ധിക്കേണ്ടത്

അഖിലേന്ത്യ ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി (NEET UG 2026) പുനഃപരീക്ഷാഫലം വന്നു. 11.21 ലക്ഷം പേരാണ് ഇത്തവണ ദേശീയതലത്തിൽ യോഗ്യത നേടിയത്.
തങ്ങളുടെ നീറ്റ് റാങ്കിനനുസരിച്ച് വിദ്യാർഥികൾക്ക് ഏറ്റവും യോജിച്ച പ്രോഗ്രാമുകൾക്ക്, താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനായി വ്യത്യസ്ത കൗൺസലിങ് പ്രക്രിയകളുണ്ട്. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട കൗൺസലിങ് പ്രക്രിയകൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിജ്ഞാപനങ്ങൾ വരുന്ന മുറയ്‌ക്ക് താൽപ്പര്യമുള്ള കൗൺസലിങ് പ്രക്രിയകളിൽ പങ്കെടുത്ത് ഓപ്ഷനുകൾ നൽകണം.
എംസിസി കൗൺസലിങ്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (MCC) ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി നടത്തുന്ന പൊതുവായ കൗൺസലിങ് പ്രക്രിയയാണിത്.
ഇതുവഴി അലോട്ട്മെന്റ് ലഭിക്കുന്ന സീറ്റുകൾ:
1. രാജ്യത്തെ എല്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ (എംബിബിഎസ്/ബിഡിഎസ്).
2. വിവിധ എയിംസുകളിലെ മുഴുവൻ സീറ്റുകൾ,ജിപ്മർ (പുതുച്ചേരി, കാരയ്ക്കൽ) അഖിലേന്ത്യ സീറ്റുകൾ, 3. ഡീംഡ് യൂണിവേഴ്സിറ്റികളിലെ മുഴുവൻ സീറ്റുകൾ, 4. കേന്ദ്ര സർവകലാശാലകളിലെ (അലിഗഡ്, ബനാറസ് ഹിന്ദു സർവകലാശാലകളിൽ എംബിബിഎസ്/ ബിഡിഎസ്, ജാമിയ മില്ല്യ ഇസ്ലാമിയയിൽ ബിഡിഎസ്) ഓപ്പൺ സീറ്റുകൾ, 5. ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളേജുകളിലെ ഐപി ക്വോട്ടാ സീറ്റുകൾ (എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ്), 6. ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് ഓപ്പൺ സീറ്റുകൾ. 7. പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ (AFMC) എംബിബിഎസ് സീറ്റുകൾ (ആദ്യ ഘട്ടംമാത്രം).
വിവരങ്ങൾക്ക്: mcc.nic.in
ആയുഷ് കൗൺസലിങ്
ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ്, ബിഫാം (ആയുർവേദ) പ്രോഗ്രാമുകളുടെ അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ, ചില ദേശീയ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനത്തിനുള്ള കൗൺസലിങ് പ്രക്രിയയാണിത്.
ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിൽ കമ്മിറ്റി (AACCC) യുടെ വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക്: aaccc.gov.in
വിസിഐ അലോട്ട്മെന്റ്
രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളുടെ പ്രവേശനത്തിനായി വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (VCI) പ്രത്യേകം അലോട്ട്മെന്റ് നടത്താറുണ്ട്. നീറ്റ് യോഗ്യത നേടിയവർക്ക് രജിസ്റ്റർ ചെയ്ത് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: vci.admissions.nic.in
സംസ്ഥാന കൗൺസലിങ്
കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, ആയുഷ് പ്രോഗ്രാമുകളുടെയും മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളുടെയും പ്രവേശനം നീറ്റ് യുജി റാങ്കടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമീഷണറാണ് നടത്തുന്നത്. എൻട്രൻസ് കമീഷണർക്ക് പ്രത്യേകം അപേക്ഷ (KEAM 2026) സമർപ്പിച്ചവർക്കാണ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹത. എൻട്രൻസ് കമീഷണറുടെ വിജ്ഞാപനം വരുന്ന മുറയ്‌ക്ക് നീറ്റ് യുജി 2026ൽ ലഭിച്ച സ്കോർ പ്രവേശനപരീക്ഷാ കമീഷറുടെ വെബ്‌സൈറ്റ് വഴി അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത സ്കോറുകൾ പരിഗണിച്ച് കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നീറ്റ് സ്കോർ അപ്‌ലോഡ് ചെയ്യാത്തവരെ റാങ്കിങ്ങിന് പരിഗണിക്കില്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in
പ്രോഗ്രാമുകൾ
മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്. മെഡിക്കൽ അനുബന്ധം: ബിഎസ്‌സി അഗ്രികൾച്ചർ, ബിഎസ്‌സി ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബിവിഎസ്‌സി & എഎച്ച് (വെറ്ററിനറി), ബിഎസ്‌സി കോ -ഓപ്പറേഷൻ & ബാങ്കിങ് / അഗ്രി ബിസിനസ് മാനേജ്മെന്റ്, ബിഎസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി. മറ്റ് സംസ്ഥാനങ്ങളിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് / എൻആർഐ സീറ്റുകളിൽ കേരളീയർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
മറ്റിടങ്ങളിൽ
നീറ്റ് യുജി 2026ൽ യോഗ്യത നേടിയ പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള നഴ്സിങ് കോളേജുകളിൽ നാലു വർഷത്തെ ബിഎസ്‌സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടാം. വിവരങ്ങൾക്ക്: www.joinindianarmy.nic.in
പോണ്ടിച്ചേരിയിലെ ജിപ്മറിൽ ബിഎസ്‌സി നഴ്സിങ്/അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാം (jipmer.edu.in), എയിംസ് മംഗളഗിരിയിലെ ബിഎസ്‌സി എമർജൻസി മെഡിക്കൽ ടെക്നോളജി, ബിഎസ്‌സി ഹെമറ്റോളജി പ്രോഗ്രാമുകൾ (www. aiimsmangalagiri.edu.in), എയിംസ് ദിയോഗറിലെ പബ്ലിക് ഹെൽത്ത് ഇന്റഗ്രേറ്റഡ് പ്രോഗ്രാം (www. aiimsdeoghar.edu.in) എന്നിവയുടെ പ്രവേശനവും നീറ്റ് സ്കോർ പരിഗണിച്ചാണ്.










0 comments